കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങൾ ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി ജൂലായ് 31നകം ഗൂഗിൾ മീറ്റ് വഴി ക്ലാസ് പി.ടി.എ നടപ്പാക്കണമെന്ന നിർദ്ദേശത്തിനെതിരെ കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി. ഇവിടെ മാത്രമായി എടുത്ത തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. ഓൺലൈൻ ക്ലാസ് പോലും എല്ലാവർക്കും ലഭ്യമാകാതിരിക്കെ ഗൂഗിൾ മീറ്റ് വഴി ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ച് ക്ലാസ് പി.ടി.എ നടത്തുന്നത് അപ്രായോഗികമാണ്. സ്മാർട്ട് ഫോൺ ഉള്ള രക്ഷിതാക്കൾക്ക് പോലും ഗൂഗിൾ മീറ്റ് പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നത് പ്രയാസകരമാണ്. പാർശ്വവത്കൃത വിഭാഗങ്ങളെ മറന്നു കൊണ്ടുള്ള തീരുമാനം അദ്ധ്യാപക സംഘടനകളോട് ആലോചിക്കാതെ അടിച്ചേൽപ്പിക്കുന്നതിൽ നിന്നും അധികൃതർ പിൻ വാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി. അശോക് കുമാർ, വി.കെ. രമേശൻ, പി.എം. ശ്രീജിത്ത്, പി.ജെ. ദേവസ്യ, കെ. മുരളീധരൻ, ടി. ആബിദ് ഷാജു, പി. കൃഷ്ണൻ, കെ.പി. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.