cow

ബാലുശേരി: മാസ്‌കും തൊപ്പിയും ഗ്ലൗസും അണിഞ്ഞ ക്ഷീര കർഷകർ, ഫാനിന്റെ കാറ്റും പാട്ടും കേട്ട് ഉല്ലസിക്കുന്ന ഘടാഘടിയരായ പശുക്കൾ... വല്ല സ്വിറ്റ്സർലൻഡ് കാഴ്ചയാണെന്ന് തോന്നേണ്ട. ഇത് കോട്ടൂരാണ്. ഈ ചെറുഗ്രാമത്തിൽ നടപ്പാക്കിയ ക്ഷീര വിപ്ലവം ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുകയാണ്.

'മിഷൻ സേഫ് മിൽക്ക് കോട്ടൂർ' എന്ന പേരിലാണ് ക്ഷീര മേഖലയെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പാക്കിയത്. സൊസൈറ്റിയുടെ കീഴിലെ എല്ലാ കർഷകരുടെയും പാലുത്പാദന ഘട്ടങ്ങൾ ശാസ്ത്രീയമായി ഏകീകരിക്കുകയായിരുന്നു ലക്ഷ്യം. അവസാനഘട്ടത്തിലെത്തിയതോടെ പാൽ ഉത്പാദനത്തിലും വൻ വർദ്ധനയാണ്.

ഈ വർഷം മുതൽ പാൽ ഉത്പന്നങ്ങൾ കൂടി നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടത്തെ കർഷകർ. മൃഗ സംരക്ഷണ വകുപ്പ് വെറ്റിനറി ഡിസ്‌പെൻസറി വഴി കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയ്ക്ക് ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായവും ലഭിച്ചിരുന്നു. കൂടുതൽ ഗുണമേന്മയുള്ള പാൽ ഉത്പാദിപ്പിച്ച 30 കർഷകർക്ക് മിൽമ ഇൻസെന്റീവ് നൽകി.

തൊഴുത്ത് നവീകരണം, സുരക്ഷാ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയ്‌ക്കെല്ലാം മൃഗസംരക്ഷണ വകുപ്പ് സഹായം നൽകി. പശുക്കളുടെ മൂത്രവും ചാണകവും വേർതിരിച്ച് സംസ്‌കരിക്കാനുള്ള സൗകര്യവും തൊഴുത്തിൽ ഒരുക്കിയിട്ടുണ്ട്.

"പദ്ധതി നടപ്പാക്കിയതോടെ നിരവധി കർഷകർ ഈ മേഖലയിലേക്ക് കടന്നു വന്നു. തീറ്റപ്പുൽ കൃഷിയും ഇതോടൊപ്പം ആരംഭിക്കാൻ ശ്രമിക്കുന്നുണ്ട് "

പി.പി. ബിനീഷ് (വെറ്റിനറി ഡോക്ടർ)

പദ്ധതിയുടെ ലക്ഷ്യം

ശാസ്ത്രീയമായി നിർമ്മിച്ച തൊഴുത്ത്

വ്യക്തിശുചിത്വം പാലിക്കുന്ന ക്ഷീരകർഷകർ

അണുവിമുക്തമായ പാൽ

ചെലവ് 30 ലക്ഷം

ഗുണഭോക്താക്കൾ 150 ക്ഷീരകർഷകർ