കുറ്റ്യാടി: സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ വേളം ഗ്രാമപഞ്ചായത്ത് ഓഫീസ് ശുചീകരിച്ച വിവാദത്തിന് പിന്നാലെ കൃഷിഭവനും കുരുക്കിലേക്ക്. കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ കൊടിയോ ചിഹ്നങ്ങളോ പാടില്ലെന്ന സർക്കാർ നിർദ്ദേശം ലംഘിച്ച് ചിഹ്നംപതിപ്പിച്ച യൂണിഫോം ധരിച്ചും ബാനർ പ്രദർശിപ്പിച്ചും കൃഷിഭവൻ ശുചീകരിച്ചതാണ് വിവാദമാകുന്നത്. കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ശുചീകരണം നടന്നെന്നാണ് ആരോപണം. ഇതിന് ഒത്താശ ചെയ്ത കൃഷി ഓഫീസറുടെ നടപടിയിൽ സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കൃഷിമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. യോഗത്തിൽ കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, പി.കെ ദാമോദരൻ, സി.കെ ബാബു, സി. രാജീവൻ, ടി. സുരേഷ് എന്നിവർ സംസാരിച്ചു. അണു നശീകരണത്തിന് ഫയർഫോഴ്സിന്റെ റാപ്പിഡ് ടീം ലഭ്യമാണെന്നിരിക്കെ ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് കൃഷിഭവൻ ശുചീകരിക്കാൻ അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് എ.ഐ.വൈ.എഫ് വേളം മേഖല കമ്മിറ്റി പ്രതികരിച്ചു. സംഭവത്തിൽ അഖിലേന്ത്യാ കിസാൻ സഭ വേളം പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.