പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്തിലെ കൊവിഡ് പരിശോധനയിൽ 4 പേർക്ക് പോസിറ്റീവായ സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശം. 43 സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് റേഷൻ കട ഉടമകളുടേയും ഒരു മൊബൈൽ ഷോപ്പ് ജീവനക്കാരന്റേയും ഒരു ഓട്ടോ ഡ്രൈവറുടേയും സാമ്പിളുകളിലാണ് കൊവിഡ് സ്ഥിരീകരണമുണ്ടായത്. ഇവരുടെ സമ്പർക്ക പട്ടികയിൽ നിരവധി ആളുകൾ വരുന്നതായാണ് വിലയിരുത്തൽ.
മേപ്പയ്യൂരിലെ കള്ള് ഷാപ്പ് ജീവനക്കാരന്റെ റിസൾട്ട് പോസിറ്റീവായതിനെ തുടർന്ന് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് പഞ്ചായത്ത് മുഴുവനായും കണ്ടയിൻമെന്റ് സോണായി ഉൾപ്പെടുത്തി. ജനങ്ങൾ ഭയപ്പെടേണ്ടെന്നും നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ച് പ്രതിരോധിച്ചാൽ മതിയെന്നും അധികൃതർ പറഞ്ഞു.
കള്ള് ഷാപ്പുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയ്യാറാക്കിയതിൽ 150 ലധികം പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് റേഷൻ കടയിൽ എത്തിയവരുടെ അഞ്ച് ദിവസത്തെ വിവരം ആരോഗ്യ വിഭാഗം ശേഖരിച്ചു. റേഷൻ കടകളുമായി സമ്പർക്കം സംശയിക്കുന്ന എല്ലാവരും സ്വയം സമ്പർക്ക വിലക്കിൽ തുടരേണ്ടതാണെന്ന് നിർദേശം നൽകി. വീട്ടിനകത്ത് ഉൾപ്പടെ മാസ്‌ക് ധരിക്കാനും കാരണമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ എന്നീ പ്രതിരോധ മാനദണ്ഡങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചു .