കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിൽ വ്യാപകമായി കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ വിവാഹചടങ്ങുകൾ നടത്തിയവർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങളും സംഖ്യാ നിയന്ത്രണങ്ങളും ലംഘിച്ച് മരണാനന്തര ചടങ്ങുകൾ നടത്തിയ ആളുകൾക്കെതിരെയും തലപ്പുഴ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത 400 ഓളം പേർക്കെതിരെയും മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയുമാണ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സംഭവത്തിൽ ഇവരുടെ ഓരോരുത്തരുടെയും പങ്കിനെപറ്റി അന്വേഷിച്ച്‌ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ്‌ മേധാവി ആർ.ഇളങ്കൊ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് തുടർന്നും കർശന നിയമ നടപടികളെടുക്കുമെന്ന് ജില്ലാ പൊലീസ്‌ മേധാവി വ്യക്തമാക്കി.