paddi
paddi

കോഴിക്കോട്: പ്രളയം ഉഴുതുമറിച്ച തരിശുപാടത്ത് ഇനി അതിജീവനത്തിന്റെ കതിരുകൾ വിളഞ്ഞാടും. കോർപ്പറേഷനിലെ പത്താം വാർഡായ വേങ്ങേരി കണ്ണാടിക്കലിലെ അഞ്ചേക്കർ പാടത്ത് വിത്തുവിതച്ച് വിള കാത്ത് കഴിയുകയാണ് 'അതിജീവനം' കർഷക കൂട്ടായ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 പേരടങ്ങുന്ന കർഷക സംഘമാണ് പാടത്തെ പച്ചപുതപ്പിച്ചത്. എജ്യൂക്കേഷൻ മെന്ററായ യഹ്‌യ ഖാൻ ഒരുവർഷത്തേക്ക് സൗജന്യമായി നൽകിയ പാടത്താണ് വേങ്ങേരി സർവീസ് സഹകരണ ബാങ്ക് അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നെൽകൃഷിക്ക് തുടക്കമിട്ടത്. 20 വർഷമായി തരിശായി കിടന്ന പാടത്തെ ജെ.സി.ബി ഉപയോഗിച്ച് കിളച്ചുമറിച്ചായിരുന്നു കൃഷിക്കായി നിലമൊരുക്കൽ. ചീഫ് കോ ഓർ‌ഡിനേറ്റ‌ർ പി.ജി പ്രമോദ്കുമാർ, കോ ഓർഡിനേറ്റർ പി.പ്രകാശൻ, ട്രഷറർ എം.കെ.നിഷോർ കുമാർ എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ പ്രകാശൻ, വാർഡ് കൗൺസിലർ യു.രജനി എന്നിവർ ഉപദേശ നിർദ്ദേശങ്ങളുമായി ഇവർക്കൊപ്പമുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഏപ്രിൽ മാസത്തിലാണ് കൃഷിയിറക്കിയത്. മുണ്ടകൻ വിത്താണ് ഇതിനായി ഉപയോഗിച്ചത്. പൂർണമായും ജൈവരീതിയിലാണ് കൃഷി. വളത്തിന് കിലോയ്ക്ക് രണ്ടുരൂപ നിരക്കിൽ കോർപ്പറേഷൻ സബ്സിഡി അനുവദിച്ചിരുന്നു. സെന്റിന് ഒരു രൂപ തോതിൽ വിളയ്ക്ക് കൃഷി വകുപ്പിന്റെ ഇൻഷൂറുമുണ്ട്. കൊയ്തു കഴിഞ്ഞാൽ പാടത്ത് പച്ചക്കറി കൃഷി ചെയ്യാനും സംഘത്തിന് പദ്ധതിയുണ്ട് . മൂന്നര മാസം കൊണ്ട് വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. 'അതിജീവനം' കൂട്ടായ്മയുടെ നേതൃത്വത്തിൽ മണ്ണാറക്കണ്ടി എന്ന സ്ഥലത്ത് ഏഴ് ഏക്കറിൽ മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ട്.

"കൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥലം സൗജന്യമായി നൽകിയത് "

യഹ്‌യ ഖാൻ , സ്ഥലം ഉടമ.

"കൃഷിക്ക് എല്ലാവിധ സഹായങ്ങളും സർക്കാറിന്റെ ഭാഗത്തു നിന്നുണ്ട് . അതുകൊണ്ടു തന്നെ കൃഷി ചെയ്യാൻ നിരവധിപേരാണ് താൽപര്യത്തോടെ മുന്നോട്ടുവരുന്നത്. " യു.രജനി, വാർഡ് കൗൺസിലർ