കൽപ്പറ്റ: ജില്ലയിലെ തവിഞ്ഞാൽ, എടവക, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്നലെ രാത്രി 12 മണി മുതൽ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിൽ നിന്ന് അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി.
മെഡിക്കൽ അത്യാവശ്യങ്ങൾ, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ് ഈ മേഖലയിൽ അനുവദിക്കുക.
ഈ പ്രദേശങ്ങളിൽ ശവസംസ്‌ക്കാരത്തിന് 5 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ പാടില്ല. മറ്റ് യാതൊരു ആഘോഷങ്ങളും പരിപാടികളും അനുവദിക്കില്ല. മതപരമായ ആരാധനകൾക്കായുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല.
കുറ്റ്യാടി, പേരിയ, ബോയ്സ് ടൗൺ ചുരങ്ങൾ വഴിയുളള യാത്രകൾ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അനുവദിക്കുക. ഇതിന്റെ ഭാഗമായി കുറ്റ്യാടി, പേരിയ, ബോയ്സ് ടൗൺ ചുരങ്ങളിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും.
മുഴുവൻ സമയ കൺട്രോൾ റൂം
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പാൽ, പെട്രോൾ പമ്പുകൾ, വിൽപന കേന്ദ്രങ്ങൾ എന്നിവ കുറഞ്ഞ തൊഴിലാളികളെ വെച്ച് മാത്രം പ്രവർത്തിക്കാം. അവശ്യ വസ്തുക്കളും മരുന്നുകളും എത്തിച്ച് നൽകുന്നതിനായി ഗ്രാമപഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ വീടുകളിൽ രാവിലെ 9 മണി, 12 മണി, 4 മണി എന്നീ സമയങ്ങളിൽ എത്തിച്ച് നൽകുന്നതിനുളള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. ഇതിനായി കച്ചവട സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കി ഇവയുടെ വില കഴിവതും ഓൺലൈൻ മാർഗ്ഗത്തിലൂടെ നൽകുന്നതിന് സൗകര്യമൊരുക്കണം. പണം നേരിട്ട് വാങ്ങുന്ന പക്ഷം സാനിറ്റൈസർ ഉപയോഗിക്കണം. ഭക്ഷണസാമഗ്രികൾ, മരുന്നുകൾ എന്നിവ എത്തിച്ച് നൽകുന്നതിനായി ഇരുചക്ര വാഹനങ്ങൾ, മറ്റ് വാഹനങ്ങൾ എന്നിവയും തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പാടാക്കണം.
ജാഗ്രത സമിതി പ്രവർത്തനം കാര്യക്ഷമമാക്കണം
ഓരോ വാർഡിലും പ്രവർത്തിക്കുന്ന ജന ജാഗ്രത സമിതി (ആർ.ആർ.ടി) പ്രവർത്തനം കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. ഓരോ ആർ.ആർ.ടി അംഗവും ഒരു ദിവസം 50 വീടുകൾ സന്ദർശിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫിവർ സർവയലൻസ് നടത്തണം. ഇതോടൊപ്പം ക്വാറന്റൈനിലുളളവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫിവർ സർവ്വയലൻസ്, ക്വാറന്റൈൻ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഓരോ ദിവസവും മെഡിക്കൽ ഓഫീസർക്ക് ആർ.ആർ.ടി കൺവീനർ കൈമാറണമെന്നും മെഡിക്കൽ ഓഫീസർ അതുപ്രകാരമുളള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു.
വാഹനങ്ങൾ ഒരുക്കണം
കൊവിഡ് പരിശോധനകൾ നടത്തുന്നതിനായി സി.എഫ്.എൽ.ടി.സികൾ, ജില്ലാ ആശുപത്രി എന്നിവയിലേക്കും തിരികെയും കൊണ്ടുപോകുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും കുറഞ്ഞത് 20 ഓട്ടോറിക്ഷകൾ 2 ജീപ്പുകൾ, മോട്ടോർ ക്യാബുകൾ എന്നിവ സജ്ജീകരിക്കണം.റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വാഹനങ്ങൾ ക്രമീകരിക്കുന്നതിന് സഹായം നൽകണം.
കൂടുതൽ പരിശോധന കേന്ദ്രങ്ങൾ
കൊവിഡ് പരിശോധന നടത്തുന്നതിനായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ 6 ടീമുകളേയും തൊണ്ടർനാട്, എടവക ഗ്രാമപഞ്ചായത്തുകൾ, മാനന്തവാടി നഗരസഭ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പരിശോധനാ കേന്ദ്രങ്ങളും ആവശ്യമായ ആരോഗ്യ പ്രവർത്തകരേയും ഏർപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കൊവിഡ് രോഗികളുടെ പ്രാഥമിക/ദ്വിതീയ സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിനാവശ്യമായ നടപടികളും പട്ടികയിൽ ഉൾപ്പെട്ടവരുടെ കോവിഡ് പരിശോ ധന നടത്തുന്നതിനുളള നടപടികളും സ്വീകരിക്കണം. ഇത്തരത്തിൽ തയ്യാറാക്കുന്ന സമ്പർക്ക പട്ടിക, പരിശോധന വിവരങ്ങൾ എന്നിവ ഓരോ ദിവസവും സബ് കളക്ടർ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കാനും നിർദ്ദേശം നൽകി. പട്ടികവർഗ്ഗ വിഭാഗക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പട്ടികവർഗ്ഗ വകുപ്പ് ആവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് ഏർപ്പെടുത്തണം.
കണ്ടെയ്ൻമെന്റ് നടപടികൾക്കൊപ്പം സമ്പർക്ക പട്ടിക തയ്യാറാക്കൽ, ഭക്ഷ്യവസ്തുക്കൾ/മരുന്നുകൾ ഇവയുടെ ഹോം ഡെലിവറി എന്നിവയ്ക്കാവശ്യമായ സഹായങ്ങൾ പൊലീസ് നൽകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊലീസ്, ആരോഗ്യം അധികൃതരുമായി സഹകരിച്ച് മൈക്ക് അനൗൺസ് മെന്റുകൾ, സോഷ്യൽ മീഡിയകളിലൂടെയുളള പ്രചരണങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നടത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
കൺട്രോൾ റൂം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാനന്തവാടി സബ് കളക്ടർ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കും. സബ്കളക്ടർക്കാണ് ഏകോപന ചുമതല. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ലോ ആൻഡ് ഓർഡർ, കണ്ടൈൻമെന്റ്, ഹോം ഡെലിവറി, ടെക്നിക്കൽ സപ്പോർട്ട്, പ്രൊജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം, ഡോ. നൂന മർജ,ഡോ. നിത, ഡോ. അതീഷ് എന്നിവർ പരിശോധന ഏകോപനം,ആരോഗ്യ വിഭാഗത്തിന്റെ ഏകോപനം, സമ്പർക്ക പട്ടിക തയ്യാറാക്കൽ, ടെലി മെഡിസിൻ, ടി.ഡി.ഒ മാനന്തവാടി പട്ടിക വർഗ്ഗക്കാരുടെ വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യും.
കൺട്രോൾ റൂം നമ്പർ
കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടർ ഓഫീസിലും മാനന്തവാടി താലൂക്ക് ഓഫീസിലും ജൂലൈ 30 മുതൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സബ് കളക്ടർ ഓഫീസ് (04935 240222) രാവിലെ 9 മുതൽ വൈകീട്ട് 6 വരെയും താലൂക്ക് ഓഫീസ് (04935 241111) വൈകീട്ട് 6 മുതൽ രാവിലെ 9 വരെയുമുളള സമയങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
ജില്ലയിൽ 43 പേർക്കു കൂടി കൊവിഡ്:
എല്ലാവർക്കും സമ്പർക്കത്തിലൂടെ
9 പേർക്ക് രോഗമുക്തി
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതിൽ 278 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 218 പേരാണ് ചികിൽസയിലുളളത്. ഇതിൽ ജില്ലയിൽ 210 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയിൽ കഴിയുന്നു.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ:
വാളാട് കേസുകളുമായി സമ്പർക്കത്തിലുള്ള വാളാട് സ്വദേശികളായ 39 പേരും തിരുനെല്ലി സ്വദേശിയുടെ സമ്പർക്കത്തിലുള്ള പയ്യമ്പള്ളി സ്വദേശി (54), പേരിയ സ്വദേശിയുടെ സമ്പർക്കത്തിലുള്ള പേരിയ സ്വദേശി (35), കോഴിക്കോട് മെഡിക്കൽ കോളെജിൽ പോയിവന്ന വാരാമ്പറ്റ സ്വദേശികൾ (42, 36) എന്നിവരാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ.
രോഗമുക്തി നേടിയവർ:
വേലിയമ്പം (52), തൃശ്ശിലേരി (48, 45), വൈത്തിരി (30), എടവക (48), നെന്മേനികുന്ന് (32), വാരാമ്പറ്റ (45), പനമരം (39), പൊഴുതന (50) സ്വദേശികൾ എന്നിവരാണ് രോഗമുക്തരായത്.
പുതുതായി നിരീക്ഷണത്തിലായത് 256 പേർ
372 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 2581 പേർ
237 പേർ ആശുപത്രി നിരീക്ഷണത്തിൽ
ഇന്ന് അയച്ചത് 1005 സാംപിളുകൾ
ഇതുവരെ പരിശോധനയ്ക്കയച്ചത് 18034
ഫലം ലഭിച്ചത് 17013
16346 നെഗറ്റീവും 497 പോസിറ്റീവും
കണ്ടെയ്ൻമെന്റ് സോണുകൾ
വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിനെ പൂർണമായും കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇവിടെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് ആയിരുന്നു.
വാഹനങ്ങളിൽ ടൂ ചേംബർ സിസ്റ്റം വേണം
പൊതുജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ടൂ ചേംബേർഡ് സിസ്റ്റം ഏർപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ടാക്സി വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ്സുകൾ, സ്വകാര്യ ബസ്സുകൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിലാണ് സംവിധാനം ഏർപ്പെടുത്തേണ്ടത്. ഇത്തരത്തിലുള്ള വാഹനങ്ങളിൽ ഡ്രൈവർ സീറ്റ് ഉൾപ്പെടുന്ന ഭാഗം യാത്രക്കാർ ഇരിക്കുന്ന ഭാഗത്തു നിന്ന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിച്ച് രണ്ട് ചേമ്പറുകളായി തിരിക്കണം. ഈ സംവിധാനം ഗുഡ്സ് വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ ഒഴികെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഉടൻ ഏർപ്പെടുത്തണം.