കോഴിക്കോട് : ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റുന്ന സാഹചര്യത്തിൽ അവിടെ പ്രവർത്തിച്ചിരുന്ന അഞ്ച് ഒ.പി.കൾ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും അറിയിച്ചു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ ചേമ്പറിൽ ചേർന്ന ആരോഗ്യ വിദഗ്ദ്ധരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരുന്ന സാഹചര്യത്തിൽ അവരുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. രോഗവ്യാപനം തടയുന്നതിനായി ക്ലസ്റ്ററുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കൂടുതൽ പരിശോധനകൾ നടത്തും. കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ ഈ മാതൃകയിൽ മുഴുവൻ പേരേയും പരിശോധന നടത്തുകയുണ്ടായി. ഇവിടെ പോസിറ്റീവ് കേസുകളില്ലെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു. ഈ രീതിയിൽ രോഗപ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 2,000 ബെഡ്ഡുകളുടെ സൗകര്യം ലഭ്യമാക്കും. കൊവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്ക് പ്രത്യേകം ചികിത്സാ സൗകര്യമൊരുക്കും. ഇഖ്റ കൗൺസിലിംഗ് സെന്റർ, ഇഖ്റ പുതിയ ബ്ലോക്ക്, ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഹോസ്റ്റൽ ബ്ലോക്ക്, മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവിടങ്ങളിൽ കൊവിഡ് ചികിത്സാ സൗകര്യമൊരുക്കും.

യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ , കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.