1
ക്രാഫ്റ്റ് വില്ലേജിന് സമീപം കോട്ടക്കളിലേക്കുള്ള റോഡുകൾ കയർ കെട്ടി അടച്ച നിലയിൽ

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിൽ കൊവിഡ് വ്യാപനം തടയാൻ കണ്ടൈൻമെന്റ് വാർഡുകൾ തീരുമാനിച്ചത് അശാസ്ത്രീയമായാണെന്ന് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. സമ്പർക്കം സംശയിച്ച് കോട്ടക്കൽ ഉൾപ്പെടുന്ന ഏഴോളം വാർഡുകളാണ് കണ്ടൈൻമെന്റ് വാർഡുകളായി പ്രഖ്യാപിച്ചത്. കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത മുപ്പത്തി ഒന്നാം വാർഡ് നേരത്തെ കണ്ടൈൻമെന്റ് സോണാക്കിയിരുന്നു.

കർശന നിയന്ത്രണങ്ങളും നടപ്പാക്കി. മൂരാട് ദേശീയപാതയിൽ നിന്നും കോട്ടക്കലിലേക്കുള്ള ഏക ഗതാഗത മാർഗമായ റോഡിൽ ബീച്ച് റോഡ് ജംഗ്ഷൻ മുതൽ കോട്ടക്കൽ കടവ് വരെ ഒരു ഭാഗം ഒന്നാം വാർഡും മറുഭാഗം രണ്ടാം വാർഡുമാണ്. ഇതിൽ രണ്ടാം വാർഡ് മാത്രമാണ് കണ്ടൈൻമെൻറ് സോൺ. ഒന്നാം വാർഡ് ഉൾപ്പെട്ടിട്ടില്ല. ക്രാഫ്റ്റ് വില്ലേജിന് സമീപം കോട്ടക്കലിലേക്കുള്ള മെയിൻ റോഡിൽ കയർ കെട്ടി ഗതാഗതം നിയന്ത്രിച്ചതും അശാസ്ത്രീയമാണ്. രോഗ വ്യാപനം തടയലാണ് ലക്ഷ്യമെങ്കിൽ ഒരേ റോഡ് ഉപയോഗിക്കുന്ന വാർഡുകളിൽ ഒരെണ്ണം മാത്രം എന്തിനാണ് നിയന്ത്രിത മേഖലയാക്കിയത് എന്നും നേതാക്കൾ ചോദിക്കുന്നു.

വെള്ളിയാഴ്ച പെരുന്നാൾ ആയതിനാൽ ഉടനെ ഇടപെടണമെന്നും ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി. സദക്കത്തുള്ള,​ ജനറൽ സെക്രട്ടറി ലത്തീഫ് ചെറാക്കോത്ത്,​ ട്രഷറർ എ.സി. അസീസ് ഹാജി,​ വൈസ് പ്രസിഡന്റ് മൂസ മാടിയാരി, സെക്രട്ടറി പി.എം. റിയാസ് എന്നിവർ സംബന്ധിച്ചു.