kovid
kovid

പയ്യോളി: നഗരസഭാ പരിധിയിൽ ഇന്നലെ രണ്ടു കൊവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാടും നഗരവും . മംഗലാപുരത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പയ്യോളി നോർത്ത് ഡിവിഷനിലെ (23) റെയിൽവെ ജീവനക്കാരനും കുരിയാടി താര (31) സ്വദേശിയായ വീട്ടമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കുരിയാടിത്താര (31), നെല്ല്യേരി മാണിക്കോത്ത് (20) സ്വദേശികളായ രണ്ട് രോഗികളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 187 പേരുടെ ആന്റിജൻ പരിശോധനയിലാണ് വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവായത്. പരിശോധന നടത്തിയ 186 പേരുടെയും ഫലം നെഗറ്റീവായത് ആശ്വാസം നൽകുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഭീതിയിലാണ് നാട്ടുകാർ. പയ്യോളി നഗരസഭാ പരിധിയിൽ നിലവിൽ 7 പേരാണ് ചികിത്സയിലുള്ളത്. നഗരസഭയിൽ കൊവിഡ് സ്ഥിരീകരിച്ചത് മുതൽ ശക്തമായ പ്രതിരോധ നടപടികളാണ് ആരോഗ്യ വിഭാഗം സ്വീകരിച്ചുവരുന്നത്. 8 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടേക്കുള്ള നാലോളം റോഡുകളും അടച്ചു. കൊവിഡ് രോഗികളുടെ സമ്പർക്കമുണ്ടായ ബിവറേജ് ഔട്ട്ലറ്റും അയനിക്കാട് സപ്ലൈകോ മാവേലി സ്റ്റോറും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു പൂട്ടി. കൊവിഡ് നിയന്ത്രണം ലംഘിച്ച 4 കടകൾക്കും താഴു വീണു.