മുക്കം: മുത്തേരിയിൽ 65 കാരിയെ ഓട്ടോറിക്ഷയിൽ കയറ്റി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ ആഭരണങ്ങൾ വിറ്റ ജുവലറിയിലും ഓട്ടോറിക്ഷയ്ക്ക് വ്യാജ നമ്പർ പ്ളേറ്റുകൾ നിർമ്മിച്ചു നൽകിയ സ്ഥാപനത്തിലും പ്രതികളെയെത്തിച്ച് തെളിവെടുത്തു. കഞ്ചാവ് കേസിൽ അറസ്റ്റിലായ സൂര്യപ്രഭയെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണമാല വിറ്റ കൊടുവള്ളിയിലെ ജുവലറിയെ കുറിച്ച് വിവരം ലഭിച്ചത്. കവർച്ച നടത്തിയ ആഭരണം മുഖ്യപ്രതി മുജീബ് റഹ്മാൻ സൂര്യപ്രഭയെയും കാമുകൻ ജമാലുദ്ദീനെയുമാണ് വിൽക്കാൻ ഏൽപ്പിച്ചിരുന്നത്. ജുവലറി ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞങ്കിലും ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മാല കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല. ഓട്ടോറിക്ഷയ്ക്ക് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചു നൽകിയ അഗസ്ത്യൻമുഴിയിലെ സ്റ്റിക്കർ കടയിലാണ് തെളിവെടുത്തത്. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.