phc
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ അഴിയൂ‌ർ പി.എച്ച്.സി

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ആഗസ്റ്റ് മൂന്നിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. കൂടുതൽ ഡോക്ടർമാർ, വൈകീട്ട് വരെ ഒ.പി എന്നിവ ആർദ്രം പദ്ധതിയിലൂടെ നടപ്പിലാക്കും. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയും സ്പോൺസർഷിപ്പിലൂടെയുമാണ് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുളളത്. ഉദ്ഘാടനം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയുടെ ഓൺലൈൻ യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായതിനാൽ കൊവിഡ് നിയന്ത്രണം പാലിച്ചായിരിക്കും ഉദ്ഘാടനം. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലെ മുഴുവൻ പേരും നെഗറ്റീവായതിനാൽ അഴിയൂരിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കാൻ യോഗം ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ സംബന്ധിച്ചു.