മാനന്തവാടി: കാലവർഷത്തിൽ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുമെന്ന ഭീതിയിൽ കഴിയുകയാണ് നഗരത്തിന് സമീപം എരുമത്തെരുവ് കൂനാർവയൽ കോളനിവാസികൾ.
രണ്ട് വർഷം മുമ്പ് പ്രളയത്തിൽ വീടുകൾക്ക് പുറകിൽ നിന്നും വൻതോതിൽ മണ്ണിടിഞ്ഞ് വീണിരുന്നു.
ശബ്ദം കേട്ട് ഇവർ വീടുകളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരെത്തി ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇടിഞ്ഞ് വീണ മണ്ണ് കോളനിവാസികൾ തന്നെ കോരി മാറ്റുകയായിരുന്നു.
ഈ കാലവർഷത്തിലും മണ്ണിടിയുന്നത് ഭയന്ന് ഷീറ്റുകൾ പാകിയിരിക്കുകയാണ്. വലിയ മഴയിൽ വീണ്ടും മണ്ണിടിഞ്ഞാൽ ഇതിന് മുകളിലായുള്ള വീടിനും കേടുപാടുകൾ സംഭവിക്കും. വീട്ടിൽ കഴിയാൻ ഭയന്ന് ഒരു കുടുംബം ഇപ്പോൾ ബന്ധു വീട്ടിലാണ് കഴിയുന്നത്.
ഫണ്ട് അനുവദിച്ചുവെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് വർഷം പിന്നിട്ട് അടുത്ത കാലവർഷം ആരംഭിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനിവാസികൾ പറയുന്നു.