കോഴിക്കോട്: തീൻമേശയിൽ പൊരിച്ച മീനും മുളകിട്ട ചാറുമില്ലാതെ മലബാറുകാർക്ക് എന്ത് ഊൺ. പക്ഷെ, കൊവിഡും ട്രോളിംഗ് നിരോധനവും വന്നതോടെ കരവലക്കാരുടെ മീൻ കിട്ടുന്നത് വല്ലപ്പോഴുമായി, ഉള്ളതിനാണെങ്കിൽ മുടിഞ്ഞ വിലയും.
നാട്ടിൻപുറത്തെ ഫ്രീക്കന്മാർ ചൂണ്ടയെറിഞ്ഞ് കൊണ്ടുവരുന്ന പുഴ മീനുകൾക്ക് വീടുകളിൽ പിടിവലിയായിട്ടുണ്ട്. കടൽ മീനിനേക്കാൾ വില അൽപ്പം കൂടുമെങ്കിലും രുചിയേറിയതാണ് പ്രിയമേറാൻ കാരണം. സ്വന്തം ആവശ്യത്തിന് പിടിച്ചിരുന്ന മീനുകൾ വിലയ്ക്ക് വാങ്ങാൻ ആളുകൾ എത്തിയതോടെ മീൻപിടിത്തം വരുമാന മാർഗമായി മാറ്റിയവരുമുണ്ട്. വലയെറിഞ്ഞ് കിട്ടുന്ന മീനുകൾ വീടുകളിൽ എത്തിച്ച് കച്ചവടം നടത്തുന്നത് വീട്ടുകാർക്കും ഗുണമായി. കൊവിഡ് വ്യാപനം തടയാൻ തെരുവോര മീൻ കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും പുഴ മീനിന്റെ ഡിമാന്റ് കൂട്ടി.
അതേസമയം ആവശ്യാനുസരണം മീനില്ലാത്തതിനാൽ തീവിലയാണെന്നാണ് വീട്ടമ്മമാരുടെ പരിഭവം. ആരൽ മീനുകൾക്കാണ് ആവശ്യക്കാരേറെ. കിലേയ്ക്ക് 150 രൂപ വരും.
മീനുകൾ ഇവ
പരൽ മീൻ
വയമ്പ്
പള്ളത്തി
ആരൽ
കോലാൻ മീൻ
കോഴി മാലിന്യം ചൂണ്ടയിൽ കോർത്താണ് മീൻ പിടിക്കുന്നത്. ചെറിയ തോണികളിലെത്തി വലയിട്ടും പിടിക്കും. കടൽ മീൻ കിട്ടാത്തതുകൊണ്ടാണ് മീൻപിടിക്കാൻ തുടങ്ങിയത്. നന്നായി മീൻ കിട്ടുന്നുണ്ട്, ചെറിയ തോതിൽ വില്പനയുമുണ്ട് '.- മാനോജ്