കോഴിക്കോട്: നഗര നവീകരണത്തിന്റെ ഭാഗമായി രാജാജി റോഡിൽ പുതിയ ബസ് സ്റ്രാൻഡിന് സമീപം നിർമ്മിക്കുന്ന എസ്കലേറ്റർ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയാവുന്നു. കൊവിഡ് വ്യാപനത്തോടെ ചൈനയിൽ നിന്ന് എസ്‌കലേറ്റർ എത്തിക്കാൻ കഴിയാതിരുന്നത് പ്രവൃത്തി വൈകിപ്പിച്ചെങ്കിലും നിയന്ത്രണങ്ങൾക്കുണ്ടായ ഇളവോടെ എസ്‌കലേറ്റർ കൊണ്ടുവന്ന് പാലം നിർമ്മാണത്തിന് വേഗംകൂട്ടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നിർമ്മാണം പൂർത്തിയാക്കി വൈകാതെ മേൽപ്പാലം നാടിന് സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. നഗരത്തിലെ തിരക്കേറിയ റോഡിൽ പതിവായുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കുകയെന്ന ലക്ഷ്യമിട്ടാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. മൂന്ന് വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാണ് കരാർ. തിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ രാജാജി റോഡിന് കുറുകെ നേരത്തെ നടപ്പാലം സ്ഥാപിച്ചിരുന്നു. എന്നാൽ പടി ചവിട്ടി പാലത്തിലെത്തുക പ്രയാസമായതോടെ യാത്രക്കാർ മേൽപ്പാലം ഉപേക്ഷിച്ചു. വർഷങ്ങളോളം ഉപയോഗ ശൂന്യമായി കിടന്ന പാലം ദേശീയ ഗെയിംസിനോട് അനുബന്ധിച്ചാണ് പൊളിച്ചത്. പഴയപാലത്തിന്റ അവസ്ഥ മനസിലാക്കിയാണ് എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
സൗകര്യങ്ങൾ
ലിഫ്റ്റും എസ്കലേറ്ററും നടപ്പാതയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ. ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനും ഇടയിലായിട്ടാണ് നടപ്പാലം. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ രാജാജി റോഡിന് മുകളിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും ഇറങ്ങാനും കയറാനും കഴിയും. മേൽക്കൂരയുണ്ട്. ലിഫ്റ്റിൽ ഒരു സമയം 13 പേർക്ക് കയറാം. എസ്കലേറ്ററിൽ മണിക്കൂറിൽ 11700 പേർക്ക് പോകാനാകും. പദ്ധതിയുടെ ഇരുവശത്തുമുള്ള 1140 ചതുരശ്രയടി സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
ഹൈടെക്ക് പാലം
നടപ്പാലത്തിന്റെ നീളം 25. 37 മീറ്റർ
വീതി 3 മീറ്റർ
ഉയരം 6.5 മീറ്റർ
അനുവദിച്ച തുക 11.35കോടി