കണിയാമ്പറ്റ: പി.കെ.ഹർഷൽ എന്നയാളെ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറായി നിയമിച്ചത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരാണ് ഇന്റർവ്യൂബോർഡിൽ ഉണ്ടായിരുന്നത്. 2015 മെയ് 28ന്‌ ചേർന്ന ഭരണസമിതിയോഗം അംഗീകരിച്ച് നിയമനം നൽകുകയാണ് ഉണ്ടായത്. താത്കാലിക ജീവനക്കാരുടെ പ്രവർത്തി വിലയിരുത്തി ഓരോ വർഷവും മാർച്ച് മാസത്തിൽ നിയമനം പുതുക്കി നൽകുകയാണ് കേരളത്തിലെ പഞ്ചായത്തുകളിൽ ചെയ്തുവരുന്നത്. ഈ വർഷം മാർച്ചിൽ നിയമനം പുതുക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരോട് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം അപേക്ഷ നൽകുന്നതിന് ആവശ്യപ്പെട്ടെങ്കിലും അക്രഡിറ്റഡ് എഞ്ചിനീയർ ഒഴികെയുള്ള എല്ലാവരും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ഹാജരാക്കി. സെക്രട്ടറി പലപ്രാവശ്യം സർട്ടിഫിക്കറ്റ് ഒറിജിനൽ ആവശ്യപ്പെട്ടെങ്കിലും സർട്ടിഫിക്കറ്റ് താൻ പഠിച്ച ബൽഗാം വിശ്വേശ്വരയ്യ യൂണിവേഴ്സിറ്റിയിലാണെന്നും കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ അങ്ങോട്ട്‌പോകാൻ കഴിയില്ലെന്നും 3 മാസം സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 12 ന്‌ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗം സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കുന്നത് വരെ ലീവിൽപോകണമെന്ന് എഞ്ചിനീയറോട് നിർദ്ദേശിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ 2 ദിവസത്തിന്‌ശേഷം അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സംബന്ധിച്ച് സംശയം തോന്നിയതിനാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്‌വേണ്ടി യൂണിവേഴ്സിറ്റിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ താൻ ഉപരിപഠനത്തിന്‌ പോവുകയാണെന്നും ജോലി രാജിവെക്കുകയാണെന്നും കാണിച്ച് ഹർഷൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. അക്രഡിറ്റഡ് എഞ്ചിനീയറുടെ യോഗ്യത സംബന്ധിച്ച് ഏതെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് കണ്ടെത്തിയത് ഇപ്പോഴത്തെ ഭരണസമിതിയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയ ആരോപണങ്ങളും അപവാദ പ്രചരങ്ങളുമാണ് ഗ്രാമ പഞ്ചായത്തിനെതിരെ നടന്നുവരുന്നത്.

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബിനുജേക്കബ്, വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവൻ ഹംസ, മെമ്പർമാരായ കെ.എം.ഫൈസൽ, അബ്ബാസ് പുന്നോളി എന്നിവർ പങ്കെടുത്തു.