കൽപ്പറ്റ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
പള്ളികളിൽ സാമൂഹിക പ്രാർഥനകൾക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാർഗനിർദ്ദേശങ്ങളിൽ പറഞ്ഞ എണ്ണത്തേക്കാൾ കൂടാൻ പാടില്ല.
കണ്ടെയ്‌മെന്റ് സോണുകളിൽ കൂട്ടപ്രാർത്ഥനകളോ ബലി കർമ്മങ്ങളോ അനുവദിക്കില്ല.
കണ്ടെയ്ൻമെന്റ് അല്ലാത്ത പ്രദേശങ്ങളിൽ ബലികർമ്മങ്ങളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ബലി കർമ്മങ്ങൾ വീട്ടു പരിസരത്ത് മാത്രമെ നടത്താൻ അനുവദിക്കുകയുള്ളു. അഞ്ച് പേരിൽ കൂടുതൽ പാടില്ല.
കണ്ടെയ്‌മെന്റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ മാത്രമെ മാംസ വിതരണം നടത്താൻ പാടുള്ളൂ. ഹോം ഡെലിവറി മുഖേന മാംസം വീടുകളിൽ എത്തിച്ചു നൽകുന്നയാൾ കൃത്യമായ രജിസ്റ്റർ സൂക്ഷിക്കുകയും എത്ര വീടുകളിൽ കയറി, എത്ര ആളുകളുമായി സമ്പർക്കം പുലർത്തി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം.
കഴിഞ്ഞ 14 ദിവസത്തിനകം പനി തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരും ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും കൂട്ട പ്രാർത്ഥനകളിൽ പങ്കെടുക്കരുത്.
നിരീക്ഷണത്തിൽ കഴിയുന്നവർ സ്വന്തം വീട്ടിൽ നടക്കുന്ന സാമൂഹിക പ്രാർത്ഥനകളിലോ ബലികർമ്മങ്ങളിലോ പങ്കെടുക്കരുത്.


വിവാഹ ചടങ്ങുകൾ 3 മണിക്കൂറിൽ കൂടരുത്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് നടക്കുന്ന വിവാഹ ചടങ്ങുകൾ മൂന്ന് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള കർശന നിർദ്ദേശം നൽകി. മുഹൂർത്തത്തിന്റെ മുമ്പും ശേഷവും പരമാവധി ഒന്നര മണിക്കൂർ കൊണ്ട് എല്ലാ പരിപാടികളും പൂർത്തിയാക്കണം. 20 ൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുമതിയില്ല. വിവിധ സമയങ്ങളിലായി കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹ ചടങ്ങുകൾക്ക് അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.



നിയന്ത്രണങ്ങളുമായി സഹകരിക്കണം: മന്ത്രി രാമകൃഷ്ണൻ

ജില്ലയിൽ 3 ക്ലസ്റ്ററുകൾ; പരിശോധനകൾ വർദ്ധിപ്പിക്കും

കൽപ്പറ്റ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് തൊഴിൽ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ അഭ്യർഥിച്ചു. കലക്ടറേറ്റിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തു.

വിവാഹ ചടങ്ങുകൾക്കും മറ്റും കർശന നിയന്ത്രണം വരുത്തിയേ തീരൂ. കൂടുതൽ ആളുകളെ ക്ഷണിക്കാനോ പങ്കെടുക്കാനോ പാടില്ല. രോഗ വ്യാപനം കൂടുതലും ഉണ്ടായത് വിവാഹ, മരണാനന്തര, വീട്ടുതാമസ, ജന്മദിനാഘോഷ ചടങ്ങുകൾ മുഖേനയാണെന്ന കാര്യം വിസ്മരിക്കരുത്. ഈ അനുഭവം നമുക്ക് താക്കീതാണ്.

ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുന്നതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദിവസം അഞ്ഞൂറ് പേരെ പരിശോധിക്കാനുളള സജ്ജീകരണങ്ങളാണ് നിലവിലുളളത്. ഇത് രണ്ട് ദിവസത്തിനകം 800 ആയും വൈകാതെ 1100 ആയും ഉയർത്തും.

ജില്ലയിൽ തൊണ്ടർനാട്, സുൽത്താൻ ബത്തേരി, വാളാട് എന്നിവിടങ്ങളിലായി മൂന്ന് ക്ലസ്റ്ററുകളാണുള്ളത്. വാളാട് ലാർജ് ക്ലസ്റ്ററും മറ്റിടങ്ങൾ ലിമിറ്റഡ് ക്ലസ്റ്ററുകളുമാണ്. ഇവിടങ്ങളിൽ വ്യാപകമായ രീതിയിൽ തന്നെ പരിശോധനകൾ നടത്തി വരികയാണ്. രോഗികൾക്ക് സൗകര്യമൊരുക്കുന്നതിൽ ഫണ്ട് തടസ്സമല്ല.

7054 കിടക്കകൾ തയ്യാറാവുന്നു
ജില്ലയിലെ കൊവിഡ് ആശുപത്രികളിൽ 652 ബെഡുകൾ ഉണ്ട്. ജില്ലാ ആശുപത്രിയിൽ 300, താലൂക്ക് ആശുപത്രികളായ ബത്തേരിയിൽ 148, വൈത്തിരി 14, വിംസ് ആശുപത്രി 190 എന്നിങ്ങനെയാണ് ബെഡുകളുടെ കണക്ക്. 29 വെന്റിലേറ്ററുകളും 146 ഐ.സിയു ബെഡുകളും സജ്ജമാണ്.

കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും തയ്യാറായി വരുന്നു. നിലവിൽ 2758 കിടക്കകളും ആരോഗ്യ പ്രവർത്തകർ അടക്കമുളള അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് ഏഴോട് കൂടി കിടക്കകളുടെ എണ്ണം 6054 ആയി ഉയരും. വിംസ് ആശുപത്രിയിലെ സൗകര്യങ്ങളുപയോഗിച്ച് ആയിരത്തോളം കിടക്കകൾ കൂടി സജ്ജമാക്കുന്നത് പരിഗണനയിലാണ്. ഇതോടെ ജില്ലയിൽ ആകെ 7054 കിടക്കകളാണ് തയ്യാറാവുക.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.

സഞ്ചരിക്കുന്ന 2 സപ്ലൈകോ സ്‌റ്റോറുകൾ കൂടി

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ജില്ലയിലെ ലോക് ഡൗൺ മേഖലകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും ആവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ കൂടുതൽ സഞ്ചരിക്കുന്ന സപ്ലൈകോ സ്‌റ്റോറികൾ ജില്ലയ്ക്ക് അനുവദിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു. രണ്ട് വാഹനങ്ങൾ അടുത്ത ദിവസം തന്നെ ജില്ലയിലെത്തും. നിലിവൽ ഒരു വാഹനമാണ് ജില്ലയിലുള്ളത്. ഒരോ നിയോജക മണ്ഡലത്തിലും ഇത്തരം രണ്ട് വീതം വാഹനങ്ങൾ എത്തിക്കുന്നതിനുളള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.