human-right
human

കോഴിക്കോട്: ബാങ്ക് ജപ്തി ചെയ്ത വീട്ടുവരാന്തയിലും മുറ്റത്തും എട്ട് മാസമായി ജീവിക്കുന്ന നിർദ്ധന കുടുംബത്തെ പുനരധിവസിപ്പിക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ സാമൂഹിക നീതി ഓഫീസർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം.

കോഴിക്കോട് ചേവരമ്പലം തായാട്ടുപൊയിൽ കോളനിയിലെ വി.കെ. വേലായുധനും കുടുംബത്തിനും താമസ സൗകര്യം ഒരുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസാണ് നിർദ്ദേശം നൽകിയത്. മാദ്ധ്യമ വാർത്തയെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വേലായുധന്റെ വീട് ജപ്തി ചെയ്ത കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക്, മലാപ്പറമ്പ് ശാഖാ മാനേജർ 30 ദിവസത്തിനകം ജപ്തി നടപടി സംബന്ധിച്ച് കമ്മീഷൻ ഓഫീസിൽ രേഖാമൂലം വിശദീകരണം നൽകണം. മകളുടെ വിവാഹത്തിനാണ് അമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി വേലായുധൻ മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. 50,000 രൂപ തിരിച്ചടച്ചു. ബാക്കി തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്തു. എട്ടു മാസമായി ബാങ്കിന്റെ കൈവശമാണ് വീടും ഒമ്പതു സെന്റ് സ്ഥലവും.

കഴുത്തിലെ മുഴ നീക്കം ചെയ്തതോടെ ജോലിക്ക് പോകാൻ കഴിയാതായ വേലായുധൻ ചൂലുണ്ടാക്കി വിറ്റും ഭാര്യ വീട്ടുജോലി ചെയ്തുമാണ് ജീവിക്കുന്നത്. കളക്ടറും സാമൂഹിക നീതി വകുപ്പും നടപടി സ്വീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.