ഉദ്ഘാടനം ആഗസ്റ്റ് 3ന്
ഒ.പി രാവിലെ 9 മുതൽ 6 വരെയാകും
കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് ആരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഇവയുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിക്കും.
ജില്ലയിൽ മൂന്ന് ഘട്ടങ്ങളായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നത്. ആദ്യഘട്ടത്തിൽ പൂതാടി, വെങ്ങപ്പള്ളി, നൂൽപ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ 15 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നത്.
രണ്ടാം ഘട്ടത്തിൽ 9 ആശുപത്രികൾ
കേന്ദ്രങ്ങൾ (ചെലവഴിച്ച തുക ബ്രാക്കറ്റിൽ): പി.എച്ച്.സി അമ്പലവയൽ (19.3 ലക്ഷം), സി.എച്ച്.സി. മേപ്പാടി (16.7 ലക്ഷം), പി.എച്ച്.സി. എടവക (20 ലക്ഷം), പി.എച്ച്.സി. വെള്ളമുണ്ട (11.9 ലക്ഷം), പി.എച്ച്.സി. ചീരാൽ (25.7 ലക്ഷം), പി.എച്ച്.സി. തൊണ്ടർനാട് (14.4 ലക്ഷം), പി.എച്ച്.സി. കോട്ടത്തറ (16.5 ലക്ഷം), പി.എച്ച്.സി. പടിഞ്ഞാറത്തറ (20.3 ലക്ഷം), പി.എച്ച്.സി. ചെതലയം (21.1 ലക്ഷം).
രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട മറ്റ് ആരോഗ്യകേന്ദ്രങ്ങിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തിൽ ജില്ലയിൽ ആറ് വീതം സി.എച്ച്.സികളും പി.എച്ച്.സികളും ഫാമിലി ഹെൽത്ത് സെന്ററുകളായി ഉയർത്തും. കുടുംബാരോഗ്യകേന്ദ്രങ്ങൾ ആകുന്നതോടെ ഉച്ചവരെ മാത്രം ഉണ്ടായിരുന്ന ഒ.പി സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാകും. ഡോക്ടർമാരുടെ അധിക സേവനവും കൂടുതൽ സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി സംവിധാനം, ഇഹെൽത്ത് സംവിധാനം എന്നിവയും ലഭ്യമാക്കും. തിരക്ക് കുറയ്ക്കാൻ അധിക ഒ.പി കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിംഗ് കൗണ്ടർ, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയിലെറ്റ് സൗകര്യം, സൈനേജുകൾ, ഡിസ്‌പ്ലേ ബോർഡുകൾ, ആരോഗ്യബോധവൽക്കരണ സംവിധാനങ്ങൾ, രോഗീപരിചരണ സഹായികൾ, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികൾ, മാർഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകൾ, എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാവുക.
കൊവിഡ് 19 :
വാഹന ഉടമകൾക്ക് രജിസ്റ്റർ ചെയ്യാം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എൽ.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തിൽ വിവിധ വിഭാഗത്തിൽപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താൽപര്യമുളള ഓട്ടോറിക്ഷ,മോട്ടോർ ക്യാബ്,10 സീറ്റിന് മുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുളള കോൺട്രാക്ട് കാരിയജുകൾ എന്നിവയുടെ ഉടമസ്ഥർ, ഡ്രൈവർമാർക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആർ.ടി.ഒമാരുടെ ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വാഹനങ്ങൾ ഡ്രൈവർ ക്യാബിൻ സുരക്ഷിതമായി വേർതിരിച്ചവയായിരിക്കണം. ഫോൺ: സുൽത്താൻ ബത്തേരി 8281786075, മാനന്തവാടി 8547639072, വൈത്തിരി 8547639112.