സുൽത്താൻ ബത്തേരി: കൊവിഡ് രോഗവ്യാപനം കണ്ടെത്തുന്നതിനായി ഇന്നലെ ചീരാലിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബത്തേരി പട്ടണത്തിൽ കൊവിഡ് രോഗവ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് സമീപ ടൗണുകളിലുള്ളവർക്ക് പരിശോധന നടത്തിയത്.

67 പേരുടെ സ്രവ പരിശോധനയിലാണ് ഒരു രോഗിയെ കണ്ടെത്തിയത്. ഇയാൾ ഗുണ്ടൽപേട്ടയിൽ നിന്ന് പച്ചക്കറി എടുത്ത് കടകളിൽ വിതരണം ചെയ്യുന്നയാളാണ്. അതിനാൽ ഇയാളുടെ സമ്പർക്കത്തിൽ വന്ന കടകളടയ്ക്കാനും വ്യക്തികളോട് നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ സമ്പർക്ക പട്ടികയിലുള്ള 29 പേരിൽ താലൂക്ക് ആശുപത്രിയിൽ വെച്ച് നടത്തിയ ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് ബത്തേരിയിൽ പോസിറ്റീവ് കേസില്ലാതിരുന്നത്. നാല് ദിവസം 23 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17 പേർ മലബാർ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരാണ്. അഞ്ച് പേർ ഇവരുടെ സമ്പർക്കത്തിൽ നിന്ന് രോഗം ബാധിച്ചവരും ഒരാൾ ആംബുലൻസ് ഡ്രൈവറുമാണ്.
ഇതുവരെ കൊവിഡ് 19 സ്ഥിരികരിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരായി ആരോഗ്യ വകുപ്പ് കണ്ടെത്തിയ 70 പേരുടെ ആന്റിജൻ പരിശോധന വരും ദിവസങ്ങളിൽ നടക്കും. സമ്പർക്ക പട്ടികയിൽപ്പെട്ട ബീനാച്ചിയിലെ പി.കെ.ട്രേഡേഴ്സ്,കെ.കെ.മെസ്സ്,കട്ടയാട് റോഡിലെ ചിക്കൽ കോൾഡ് സ്റ്റോറേജ് ,ബത്തേരി പട്ടണത്തിലെ ഒരു ബിരിയാണികട എന്നിവയും ആരോഗ്യ വകുപ്പ് അടപ്പിച്ചു.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ ഫെയർലാന്റിലുള്ള താലൂക്ക് ആശുപത്രി സന്ദർശിച്ചിരുന്നു. രാവിലെ 9 മണി മുതൽ 11 മണിവരെ ഒ.പിയിലുണ്ടായിരുന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആർക്കെങ്കിലും ആരോഗ്യ. സംബന്ധമായിബുദ്ധിമുട്ടുകൾ വന്നാൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയക്കണമെന്നും അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ആന്റിജൻ ടെസ്റ്റ് നടത്തിയ ചെതലയം, പൂളവയൽ അംഗൻവാടി, ബത്തേരി സർവ്വജന ഹൈസ്‌കൂൾ, ബത്തേരി ലയൺസ് ഹാൾ എന്നിവ അണുനശീകരണം നടത്തി.