പുൽപ്പള്ളി: വിദേശത്ത് മലയാളി പുറത്തിറക്കിയ മദ്യത്തിന് വീര്യം പകരുന്നത് പുൽപ്പള്ളിയിലെ വനമൂലികയിൽ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങൾ. അയർലന്റിൽ മലയാളി പുറത്തിറക്കിയ മഹാറാണി മദ്യത്തിനാണ് വനമൂലികാ സംഘം ജൈവ കർഷകരിൽ നിന്നും സംഭരിക്കുന്ന വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത്.
ജാതിപത്രി, കമ്പള നാരകത്തിന്റെ തൊലി, കറുവപ്പട്ട, ഏലക്കാ തുടങ്ങിയവയിൽ നിന്നാണ് കൊല്ലം സ്വദേശിയായ സമത്വമഠത്തിൽ ഭാഗ്യലക്ഷ്മിയുടെ അയർലന്റിലെ ഡിസ്‌ലറിയിൽ മദ്യം ഉത്പാദിപ്പിക്കുന്നത്.

കഴിഞ്ഞ വർഷമാണ് മദ്യത്തിൽ ചേർക്കാനുള്ള ചേരുവകൾ അന്വേഷിച്ച് ഇവർ വയനാട്ടിലെത്തിയത്. ജൈവ ഉത്പന്നങ്ങളായിരുന്നു ഇവർക്ക് ആവശ്യം. ആദ്യഘട്ടത്തിൽ നൂറുകിലോ സുഗന്ധ വ്യഞ്ജനങ്ങൾ അയർലന്റിൽ എത്തിച്ചു. വരും നാളുകളിൽ കൂടുതൽ ചേരുവകൾ ഉൾപ്പെടുത്തിയ സുഗന്ധ വ്യഞ്ജനങ്ങൾ അയച്ചുകൊടുക്കാൻ ഓർഡർ ലഭിച്ചതായി വനമൂലിക സംരക്ഷണ സംഘം പ്രസിഡന്റ് ടി.ജെ. ചാക്കോച്ചൻ പറഞ്ഞു.

1991 ലാണ് ജൈവകൃഷിവിതരണം ലക്ഷ്യമാക്കി വനമൂലിക പ്രവർത്തനം ആരംഭിച്ചത്. 500- ഓളം ജൈവ കർഷകർ അംഗങ്ങളാണ്. അവിടെ ഉത്പാദിപ്പിക്കുന്നസുഗന്ധ വ്യഞ്ജനങ്ങൾ കൂടുതലായും കയറ്റി പോകുന്നത് വിദേശങ്ങളിലേക്കാണ്.