പഠനകാലത്ത് പൊതുവെ അന്തർമുഖൻ. സ്റ്റേജിൽ കയറി രണ്ടു വാക്ക് പറയാൻ പോലും പേടി. പ്രീഡിഗ്രി പൂർത്തിയാക്കാൻ പൈസ പ്രശ്നമായപ്പോൾ എത്തിപ്പെട്ടത് പാരമ്പര്യവഴിയേ തടിക്കച്ചവടത്തിൽ. ഈ ചെറുപ്പക്കാരൻ പിന്നീട് എങ്ങനെ അറിയപ്പെടുന്ന എജ്യുക്കേഷൻ മെന്ററായി മാറി ?. യഹ്യാ ഖാനെ നേരിട്ട് കണ്ടാൽ, ആ ജീവതകഥ കേട്ടാൽ അതിനുള്ള എ പ്ളസ് മറുപടിയായി. മിടുക്കിന്റെ, മികവിന്റെ മാനദണ്ഡം മാർക്ക് മാത്രമല്ലെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് മലപ്പുറം എടവണ്ണ സ്വദേശിയായ യഹ്യാഖാൻ. സ്വയം തിരിച്ചറിഞ്ഞതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിജയഗാഥയുടെ തുടക്കം. പോരായ്മകളെ വകഞ്ഞുമാറ്റിയത് സ്വന്തം അഭിരുചികൾ ചെത്തിമിനുക്കിയെടുത്താണ്. പുത്തൻ സാങ്കേതിക വിദ്യയുടെ പാതയിലൂടെ പിടിച്ചുകയറി. കോളേജിൽ നിന്നു കൊഴിഞ്ഞുപോക്കെന്നോണം പുറത്തു കടന്ന യുവാവ് പിന്നീട് തികഞ്ഞ ആത്മവിശ്വാസത്തോടെ, കഠിനാദ്ധ്വാനത്തിലൂടെ വിദ്യാഭ്യാസ വിദഗ്ദന്റെ തലത്തിലേക്ക് ഉയരുകയായിരുന്നു. അറിയപ്പെടുന്ന എജ്യുക്കേഷൻ മെന്ററായി വളരുകയായിരുന്നു. ഇതിനിടയ്ക്ക് കേരളത്തിലും പുറത്തുമായി കൗൺസലിംഗിനായി ഇദ്ദേഹം കയറിയത് നാലായിരത്തോളം സ്റ്റേജുകളിൽ!.
@ പഠനത്തിന് തടസ്സമായത് പണം
തടിക്കച്ചവടക്കാരൻ അബൂബക്കർ ഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും എഴു മക്കളിൽ രണ്ടാമനാണ് യഹ്യാഖാൻ. കുഞ്ഞുനാളിലേ വേറിട്ട രീതികളായിരുന്നു. വെറുതെ മന:പാഠമാക്കുന്നതിന് പകരം ഏതു വിഷയത്തിലും സ്വയം എന്തുകൊണ്ട് എന്ന ചോദ്യമുയർത്തിയായിരുന്നു പഠനം. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് തടിക്കച്ചവടത്തിൽ വാപ്പയ്ക്ക് വല്ലാതെ ക്ഷീണം പറ്റി. അപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. വാപ്പയ്ക്ക് കൈത്താങ്ങാവണമെന്ന് ഉറച്ചു. പണത്തിന്റെ വിഷമത്തിൽ പാതിവഴിയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടിയും വന്നു. പണമില്ലാത്തതിന്റെ പേരിൽ തന്റെ സഹോദരങ്ങൾ കഷ്ടപ്പെടരുതെന്ന ചിന്തയോടെ കച്ചവടത്തിലേക്ക് തിരിഞ്ഞു. പതിനെട്ടാം വയസിൽ വാപ്പയുടെ അനിയൻ ഉമ്മർ ഹാജിയുടെ സഹായത്തോടെയാണ് തടി ബിസിനസിലേക്ക് ഇറങ്ങുന്നത്. ബാലപാഠങ്ങൾ വശത്താക്കിയ യഹ്യ വൈകാതെ കച്ചവടത്തിൽ പുതിയ സാദ്ധ്യതകൾ തേടി. പുനലൂർ ഫോറസ്റ്റിലെ തടി ബിസിനസിന് തുടക്കമിട്ടു. അത്യാവശ്യം മൂലധനമായെന്നു കണ്ടപ്പോൾ എടവണ്ണയിലെ വലിയൊരു തടി മില്ല് സ്വന്തമാക്കി. എടവണ്ണ ട്രേഡേഴ്സ് ആൻഡ് വുഡ് ഇൻസസ്ട്രി എന്ന് പേരിട്ടു അതിന്. എം.ഇ.എസ് കോളേജുമായുള്ള ബന്ധത്തിലൂടെയാണ് 2005 - ൽ യഹ്യ കോഴിക്കോട്ടെത്തുന്നത്. ഒരു തരത്തിൽ ജീവിതത്തിന്റെ വഴിത്തിരിവിന് നിമിത്തമായതും ആ യാത്ര തന്നെ. മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം എന്ന ദിശയിൽ ആഴത്തിലുള്ള പഠനമായി പിന്നീട്.
@ പോസിറ്റീവായി ചിന്തിക്കാൻ
പോസിറ്റീവായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കാലിക്കറ്റ് പോസിറ്റീവ് സർക്കിളിന്റെ ചെയർമാനാണ് യഹ്യ. ഈ രംഗത്ത് മൂന്നു വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലായി ഏതാണ്ട് 750 പേരുണ്ട്. നല്ലത് ചെയ്യാനും ചിന്തിക്കാനും പ്രേരിപ്പിക്കുകയാണ് ഈ കൂട്ടായ്മയിലൂടെ. വ്യത്യസ്ത മേഖലയിലെ 100 പേരടങ്ങിയ പോസിറ്റീവ് സർക്കിളിലെ ഒരു ഗ്രൂപ്പ് ഐഡിയ ഫാക്ടറിയുടേതാണ്. നൂതന ആശയങ്ങൾ പിറക്കുകയാണ് ഇവിടെ. യൂറോപ്പിലും മറ്റ് വിദേശ രാജ്യങ്ങളിലും യാത്ര ചെയ്ത് അവരുടെ രീതികൾ മനസിലാക്കുകയും ഇത് പുതിയ ഐഡിയകൾ ഉണ്ടാക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. സൈബർ സിറ്റി റോട്ടറി ക്ലബ്ബിന്റെ എജ്യുക്കേഷൻ മെന്ററാണ് ഇദ്ദേഹം. കാലിക്കറ്റ് ചേമ്പർ ഒഫ് കോമേഴ് മെമ്പറായിരുന്നു. ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ 'വിംഗ്സ് ഒഫ് ഫയർ' ആണ് എന്നും യഹ്യയുടെ ഊർജം. വിദ്യഭ്യാസ മേഖലയിലേക്ക് കെെപിടിച്ചു കയറ്റിയ പി.പി വിജയനും ഡോ.ഇന്ദുചൂഢനെയുമാണ് റോൾ മോഡലായി ഇദ്ദേഹം കാണുന്നത്.
@ മാതാ... പിതാ ...ഗൂഗിൾ
മാറുന്ന ലോകത്ത് സ്വയം മാറാൻ തയ്യാറായാൽ തന്നെ ആദ്യചുവടായി എന്ന പക്ഷക്കാരനാണ് യഹ്യാഖാൻ. പഴയ കാലമല്ല ഇത്. ഇന്നിപ്പോൾ പുതിയ തലമുറയ്ക്ക് മുന്നിൽ എല്ലാ അർത്ഥത്തിലും വിജ്ഞാനത്തിന്റെ വാതിലുകൾ തുറന്നു കിടക്കുകയാണ്. ലോകത്ത് എവിടെ, എന്തു സംഭവിച്ചാലും ഉടൻ അറിയാം. ചുറ്റുമുള്ള അറിവുകൾ ഒരിക്കലും നമ്മിലേക്ക് ഇടിച്ചുകയറുകയില്ല. മാറുന്ന ലോകത്തെ നമ്മൾ ശ്രദ്ധിച്ച് കാണണം. പുത്തൻ സങ്കേതങ്ങൾ ഉൾക്കൊണ്ട് കാഴ്ചപ്പാടുകൾ മാറ്റിയേ തീരൂ; പുതിയ വിദ്യാഭ്യാസ സങ്കല്പത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഇദ്ദേഹം. കിട്ടുന്ന കോഴ്സിൽ, അതല്ലെങ്കിൽ ഇഷ്ടമുള്ള വിഷയത്തിൽ ഉന്നതബിരുദം നേടി എങ്ങനെയും തൊഴിൽ നേടുക എന്നതായിരുന്നു രണ്ടോ മൂന്നോ ദശകങ്ങൾക്കപ്പുറത്തെ കരിയർ സങ്കല്പം. ഇന്ന് അതല്ല അവസ്ഥ. പഠിച്ച് ഒരു ജോലി എന്നതിലുപരി കുട്ടികളിലെ തനതു അഭിരുചിയിൽ മുന്നേറാനുള്ള മനോഭാവമാണ് വളർത്തിയെടുക്കേണ്ടത്. ഓരോ ദിവസവും പുതിയ സാദ്ധ്യതകൾ വരുന്നുണ്ട്. പോസിറ്റിവ് ആറ്റിറ്റ്യൂഡോടെ സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ വിജയത്തിന്റെ വഴി താനോ തുറന്നിരിക്കും. തിരിച്ചറിവായിരിക്കണം ഇനിയുള്ള പുതുതലമറയുടെ വിദ്യാഭ്യാസ മാറ്റം. അറിവ് അന്നും ഇന്നുമുണ്ട്. ഇനി സമൂഹത്തിന് വേണ്ടത് തിരിച്ചറിവുള്ള കുട്ടികളെയാണ്. പുതിയ തലമുറയിലെ കുട്ടികളെ വളർത്തുക എന്ന കല മാതാപിതാക്കൾ പഠിക്കുകയാണെങ്കിൽ കഴിവുള്ള കുട്ടികളുടെ മാതാപിതാക്കൾ ആവാൻ രക്ഷിതാക്കൾക്ക് കഴിയുമെന്നാണ് യഹ്യാഖാൻ നല്ക്കുന്ന സന്ദേശം. മാതാ...പിതാ... ഗുരു ദൈവം എന്നതിൽ ഗൂഗിൾ കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. സാങ്കേതിക വിപ്ളവത്തിന്റെ ലോകത്ത് കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്നതിലാണ് യഹ്യയുടെ ഇപ്പോഴത്തെ ഗവേഷണം.
ഈ യജ്ഞത്തിൽ തുണച്ച് ഭാര്യ ദിൽഷാദ് എപ്പോഴും ഒപ്പമുണ്ട്. കണ്ടു പഠിക്കാൻ മക്കളും.
'പുതിയ തലമുറയിലെ കുട്ടികൾ " എന്ന വിഷയത്തിൽ കാന്തപുരം ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാർ അവതരിപ്പിച്ചായിരുന്നു എജ്യുക്കേഷൻ മെന്റർ എന്ന റോളിൽ തുടക്കം. കേരളത്തിനകത്തും പുറത്തുമായാണ് ഇതിനകം നാലായിരത്തോളം വേദികളിലെത്തിയത്. പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായാണ് ക്ലാസുകൾ.
@ പ്രതീക്ഷ ഒരു പ്രതീകം
മുക്കം മാമ്പറ്റയിലെ പ്രതീക്ഷാ സ്പെഷൽ സ്കൂളിന്റെ ട്രഷറർ കൂടിയാണ് യഹ്യാ ഖാൻ. ഭിന്നശേഷിക്കാരായ 140 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. യഹ്യാഖാന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് തൊഴിലധിഷ്ഠിത കോഴ്സും നൽകുന്നുണ്ട്. പഞ്ചായത്തിന്റെ സഹായത്തോടെ ഇത്തരം കുട്ടികൾക്ക് പശു, കോഴി, ആട് എന്നിവ വളർത്താൻ നൽകിയിരുന്നു. സ്വയംപര്യാപ്തതയുടെ വഴി സ്വയം കണ്ടെത്താൻ പ്രേരിപ്പിക്കുകയാണ് ഈ കുട്ടികളെ. അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടക്കാൻ ഊർജ്ജം നിറക്കുകയാണ് അവരിൽ. ഇവിടുത്തെ കുട്ടികളുടെ വീടുകളിലെ മറ്റു കുട്ടികളെ പഠിപ്പിക്കുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകാനും യഹ്യ പോരാടുന്നുണ്ട്.
@ രക്ഷിതാക്കളും പഠിക്കണം
പുതിയ തലമുറയിലെ കുട്ടികളെ വളർത്തുക എന്ന കല പുത്തൻതലമുറ രക്ഷിതാക്കൾ പഠിക്കേണ്ടതുണ്ട്. അതുവഴി കഴിവുള്ള കുട്ടികളുടെ രക്ഷിതാക്കളാവാൻ അവർക്ക് കഴിയുമെന്ന് തീർച്ച.
@ വേണം സ്പെഷൽ യൂണിവേഴ്സിറ്റി
മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ സാധാരണ തലത്തിലേക്ക് വളർത്തിയെടുക്കാൻ പര്യാപ്തമായ ഗവേഷണത്തിന് ഊന്നൽ നൽകുന്ന ഒരു യൂണിവേഴ്സിറ്റി യഹ്യാഖാന്റെ സ്വപ്നമാണ്. ഇതിനായുള്ള പ്രോജക്ട് കേന്ദ്ര സർക്കാരിനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
@ കൃഷിയിലും തത്പരൻ
കൊവിഡ് പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കായി സർക്കാർ ഒരുക്കിയ സുഭിക്ഷ കേരളം പദ്ധതിയിൽ പങ്കാളിയുമാണ് ഇദ്ദേഹം. ഇതിന്റെ ഭാഗമായി കണ്ണാടിക്കലിലെ അഞ്ച് ഏക്കർ പറമ്പിൽ നെൽകൃഷി ചെയ്യുകയാണിപ്പോൾ.