കുറ്റ്യാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കാവിലുംപാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് വീണ് കനത്ത നാശനഷ്ടം. മുറ്റത്ത് പ്ലാവ് അമ്പലൂർ ഉണ്ണിയുടെ വീട് മണ്ണിടിഞ്ഞ് വീണ് ഭാഗികമായി തകർന്നു. അത്ഭുതകരമായി രക്ഷപെട്ട ഉണ്ണിയെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു. മുറ്റത്ത് പ്ലാവ് കുറവൻ റോഡ് ഗതാഗത യോഗ്യമല്ലാതായി. മഠത്തിനാൽ മനോജിന്റെയും തകടിയേൽകുന്നിലെ തയ്യുള്ള പറമ്പത്ത് നാരായണിയുടേയും വീടുകൾക്ക് ഭീഷണി നിലനിൽക്കുകയാണ്. പൊയിലോം ചാലിലെ കൊടപ്പടി മലയിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് മലവെള്ളപാച്ചിലിൽ ഒഴുകി പോയി. തൊട്ടിൽ പാലം ചോയി ചുണ്ട് ഭാഗങ്ങളിൽ പുഴ കരകവിഞ്ഞൊഴുകി ഏഴോളം കുടുംബങ്ങളെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മാറ്റിപാർപ്പിച്ചു.
വയനാട് മാവട്ടം ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് മരുതോങ്കര നിടുവാൽ പുഴ കരകവിഞ്ഞ് ഒഴുകി. ചാപ്പൻ തോട്ടത്തിലെ പാരത്താൻ ജയിംസ്, ജിജോ മഠത്തിനാൽ, കൊയിറ്റിക്കണ്ടി മനോജ്, പ്ലാച്ചിക്കൽബാബു, തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ്, വാഴ, തുടങ്ങിയ കാർഷിക വിളകൾ നശിച്ചു.
പ്രളയക്കെടുതി മുന്നിൽ കണ്ട് പട്യാട്ട്, മൂന്നാം കൈ, തൊട്ടിൽ പാലം ഭാഗങ്ങളിലെ പുഴയിലെ അവശിഷ്ടങ്ങൾ നീക്കി ശുചീകരിച്ചതിനാൽ പുഴയുടെ ഒഴുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതായി കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് പറഞ്ഞു. മണ്ണിടിച്ചിൽ നടന്ന പ്രദേശങ്ങൾ അന്നമ്മ ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ പുഷ്പതോട്ടും ചിറ, കിസാൻ സഭ ജില്ല വൈസ് പ്രസിഡന്റ് രാജു തോട്ടുംചിറ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.