പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിൽ കോട്ടക്കൽ ഭാഗത്തേക്കുള്ള റോഡ് അടച്ചതിൽ പ്രതിഷേധം. കണ്ടെയ്ൻമെന്റ് സോണിൽ പെടാത്ത ഒന്നാം വാർഡിലുള്ളവരുടെ സഞ്ചാരം നിഷേധിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സർഗാലയയ്ക്ക് സമീപം ആർ.ആർ.ടി പ്രവർത്തകരാണ് വഴിതടഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരെയും മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരെയും തടഞ്ഞത് ബഹളമായതോടെ മുനിസിപ്പൽ ചെയർപേഴ്‌സൺ, സബ് ഇൻസ്‌പെക്ടർ, വാർഡ് കൗൺസിലർമാർ എന്നിവരെത്തി
രണ്ടു ദിവസത്തേക്ക് റോഡ് അടയ്ക്കേണ്ടെന്ന നിർദ്ദേശം നൽകി. ഇതിനെ ചിലർ എതിർത്തു. കണ്ടെയ്ൻമെന്റ് സോണല്ലാത്ത പ്രദേശത്തുകാരെ ബുദ്ധിമുട്ടിക്കുന്ന അശാസ്ത്രീയമായ റോഡ് തടയൽ അംഗീകരിക്കാനാവില്ലെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചൂണ്ടിക്കാട്ടി. ഒടുവിൽ കോട്ടക്കലിൽ നിന്ന് പയ്യോളിയിലേക്കുള്ള തീരദേശ റോഡ് തുറന്നുകൊടുക്കാൻ തീരുമാനമായതോടെ പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമായി. എന്നാൽ കണ്ടെയ്ൻമെന്റ് സോണിൽപെടാത്ത ഒന്നാം വാർഡിലുള്ളവർക്ക് വടകര ഭാഗത്തേക്ക് പോകാൻ പയ്യോളി വഴി കറങ്ങേണ്ടി വരും.
ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷൗക്കത്ത് കോട്ടക്കൽ, സി.പി. സദ്ക്കത്തുള്ള, സി.പി. രവീന്ദ്രൻ എന്നിവർ മുനിസിപ്പൽ അധികൃതർക്കും പയ്യോളി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.