വടകര: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ദേശീയപാതയോരത്ത് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം തള്ളിയ മാലിന്യങ്ങൾ വ്യാപാരികളുടെ സഹായത്തോടെ പഞ്ചായത്ത് ശാസ്ത്രീയമായി സംസ്‌കരിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കുഞ്ഞിപ്പള്ളിയിലെ ദേശീയപാതയോരത്തെ വ്യാപാരികളെ ഓഫീസിൽ വിളിച്ചുവരുത്തി രണ്ട് ജെ.സി.ബി ഉപയോഗിച്ച് ഇവ നീക്കം ചെയ്തു. ഇളനീർ തൊണ്ടുകളും ഒഴിഞ്ഞ കുപ്പികളും മറ്റു മാലിന്യങ്ങളും കണ്ടെത്തി. മാലിന്യ നിർമ്മാർജനത്തിന് ചെലവായ തുക വ്യാപാരികൾ വഹിച്ചു. പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അദ്ധ്യാപകരായ കെ. ദീപ് രാജ്, കെ.പി. പ്രീജിത് കുമാർ, ആർ.പി. റിയാസ്, സി.കെ. സാജിദ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് എന്നിവർ നേതൃത്വം നൽകി.