കൽപറ്റ: വയനാടൻ വനാതിർത്തിയിൽ കടുവകളുടെ എണ്ണം കൂടി. വയനാടൻ കാടുകളുമായി അതിരു പങ്കിടുന്ന കർണാടകിലെ നാഗർഹോള കടുവകളുടെ എണ്ണത്തിൽ രണ്ടാമതെത്തി. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതമാണ് ഒന്നാം സ്ഥാനത്ത്. ബന്ദിപ്പൂർ കടുവ സങ്കേതമാണ് മൂന്നാമത്. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ടിലാണ് ഈ വിവരം. രാജ്യത്തെ 50 കടുവ സങ്കേതങ്ങളിലും മറ്റു വന മേഖലകളിലുമാണ്കണക്കെടുപ്പു നടന്നത്.
100 ചതുരശ്ര കിലോമീറ്ററിൽ 14 ആണ് ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ കടുവകളുടെ എണ്ണം. നാഗർഹോളയിൽ ഇത് 11.82ഉം ബന്ദിപ്പൂരിൽ 7.7ഉം ആണ്.
520.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ജിം കോർബെറ്റ് കടുവ സങ്കേതത്തിൽ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്. 200 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗർഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. 127 കടുവകളുണ്ട് ഇവിടെ. 1,020 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബന്ദിപ്പൂരിൽ 126 കടുവകളാണുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യമാണ് ഇന്ത്യ. 2018ലെ സെൻസസ് അനുസരിച്ച് രാജ്യത്ത് 2,967 കടുവകളുണ്ട്. ലോകത്ത് 13 രാജ്യങ്ങളിലായി 3,900 കടുവകളുണ്ടെന്നാണ് കണക്ക്.
ഇന്ത്യയിൽ മധ്യപ്രദേശിലാണ് കുടുതൽ കടുവകൾ-526. കർണാടകയിൽ 524ഉം ഉത്തരാഖണ്ഡിൽ 442ഉം മധ്യപ്രദേശിൽ 312ഉം ആണ് കടുവകളുടെ എണ്ണം. തമിഴ്നാട്264,അസം190,കേരളം190, ഉത്തർപ്രദേശ്173 എന്നിവയാണ് രാജ്യത്ത് 150 ലധികം കടുവകളുള്ള മറ്റു സംസ്ഥാനങ്ങൾ. ബിഹാർ 31,ആന്ധ്രപ്രദേശ് 48,തെലങ്കാന 26, ഛത്തീസ്ഗഢ്19,ജാർഖണ്ഡ് 5 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ കടുവകളുടെ എണ്ണം.
മഹാരാഷ്ട്രയിലെ പെൻചിനെയും കേരളത്തിലെ പെരിയാറിനെയുമാണ് ഇന്ത്യയിലെ മികച്ച കടുവ സങ്കേതങ്ങളായി കണക്കാക്കുന്നത്.
2006ലെ കണക്കെടുപ്പിൽ 1,411 കടുവകളാണ് രാജ്യത്തുണ്ടായിരുന്നത്. 2014ൽ ഇത് 2,226 ഉം 2018ൽ 741ഉം ആയി. പശ്ചിമബംഗാളിലെ വനങ്ങളിൽ ഒരു കടുവയെ പോലും കാണാനായില്ല. ഗോവയിൽ 2014ൽ അഞ്ച് കടുവകൾ ഉണ്ടായിരുന്നത് 2018ൽ മൂന്നായി കുറഞ്ഞു.
പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങൾ. കേരളത്തിലെ 190 കടുവകളിൽ 80 എണ്ണവും കടുവ സങ്കേതമല്ലാത്ത വയനാടൻ വനത്തിലാണ്.
ആവാസവ്യവസ്ഥയുടെ മെച്ചവും വേട്ട തടയാനായതുമാണ് കടുവകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് വനപാലകർ പറയുന്നു.