തിരുവമ്പാടി: പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് മാതൃകയായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടിയിൽ സ്ഥാപിച്ച സൂപ്പർ എം. ആർ. എഫ് (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ ) ഇന്ന് നാടിന് സമർപ്പിക്കും. 75 ലക്ഷം ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥലവും അനുബന്ധ സൗകര്യവും ഒരുക്കി. ട്രാൻസ്‌ഫോർമർ, 400 മീറ്റർ റോഡ്, വാട്ടർ പൈപ്പ്‌ലൈൻ തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നതിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 60 ലക്ഷമാണ് ചെലവഴിച്ചത്. ശുചിത്വ മിഷൻ, ക്ലീൻ കേരള എന്നിവരാണ് സാങ്കേതിക സഹായം നൽകിയത്. അക്രഡിറ്റഡ് ഏജൻസിയായ നിറവ് വേങ്ങേരിയും സംരംഭത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 9 ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10ന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.