കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് നെരയങ്കോട്ട് ജുമാ മസ്ജിദിൽ നോട്ടീസ് പതിക്കാൻ പോയവരെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. ബലി പെരുന്നാൾ നിസ്‌കാരവും ബലികർമ്മവും നടത്തില്ലെന്ന അറിയിപ്പ് പള്ളി ഗേറ്റിന് പതിക്കാൻ പോയ പള്ളി മുതവല്ലി നെല്ലിയുള്ളതിൽ ഷരീഫ് മുഅദ്ദിൻ,​ സുലൈമാൻ മുസ്ല്യാർ എന്നിവരെ കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് ആരോപണം. ഇന്നലെ രാവിലത്തെ സംഭവത്തെ തുടർന്ന് ഇരുവരും

പരിക്കുകളോടെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശമായതിനാൽ ആൾക്കൂട്ടം കണ്ടാണ് എത്തിയതെന്നും കൊവിഡ് ബോധവത്കരണം നടത്തിയതല്ലാതെ മോശമായി പെരുമാറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കൊവിഡ് ചട്ടലംഘനം നടത്തിയതിന്റെ പേരിൽ എട്ട് ആളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.