കൊയിലാണ്ടി: നീർച്ചാലുകളിൽ തെളിനീരൊഴുക്കിയും പാടങ്ങൾ കതിരണിയിച്ചും നവകേരള മിഷൻ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ നിരവധി തോടുകളും കുളങ്ങളും പാടശേഖരങ്ങളുമാണ് പദ്ധതിയിലൂടെ ഭൂതകാല പ്രതാപം വീണ്ടെടുത്തത്. 4.5 കിലോമീറ്റർ വരുന്ന കായലാട് നടേരി തോടും കരവോട് ചിറയുടെ കൈവഴിയായി ഒഴുകുന്ന ആച്ചിക്കുളങ്ങര കണ്ടംചിറ തോടും ബഹുജന പങ്കാളിത്തത്തോടെ നവീകരിച്ചത് കാർഷികരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. കായലാട് മുതൽ നടേരിവരെയുളള തോട്ടിലെ ചെളിയും പായലുകളും നീക്കി ആഴംകൂട്ടി അരിക് സംരക്ഷിച്ച് ജല സമൃദ്ധമാക്കി. കരവോട് കണ്ടംചിറയിൽ 300 ഏക്കർ തരിശുനിലം 5,000 പേരുടെ പരിശ്രമഫലമായാണ് കൃഷിയോഗ്യമാക്കിയത്. ആറ് പാടശേഖര സമിതികളിലെ മുഴുവൻ തരിശുനിലവും കൃഷിയോഗ്യമാക്കി. ചാവട്ട് നെൽവയൽ, കൊഴുക്കല്ലൂർ വയൽ എന്നിവ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കതിരണിഞ്ഞത്.
ഹരിതകേരള മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായാണ് നീർച്ചാലുകളിൽ ശുചീകരണം നടത്തിയത്. ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മേപ്പയൂർ ഗ്രാമപഞ്ചായത്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് നടപ്പാക്കുന്ന 'ശുചിത്വം സുന്ദരം എന്റെ മേപ്പയൂർ' പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ, യുവജനങ്ങൾ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളായി.