കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ കരുതലിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ത്യാഗസ്മരണകളോടെ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ഇബ്രാഹിം നബിയും മകൻ ഇസ്മായിൽ നബിയും കാണിച്ച ധീരതയും സമർപ്പണവും കൊവിഡിനെതിരായ പോരാട്ടത്തിന് കരുത്താകണമെന്ന് മനസിൽ കുറിച്ച് സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ആഘോഷം. ബന്ധു വീടുകളിലേക്കുള്ള യാത്ര ഇത്തവണ ഉണ്ടായില്ല. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ പള്ളികളിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം വിശ്വാസികൾ സ്വീകരിച്ചു.
കൂടുതൽ പേരും വീടുകളിൽ പെരുന്നാൾ നമസ്കാരം നടത്തി. കണ്ടെയിൻമെന്റ് സോണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ ഉണ്ടായില്ല. പള്ളികളിൽ സാനിറ്റൈസറും കൈ കഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.