ബാലുശ്ശേരി: പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിക്കുന്നവർക്ക് ഹെൽപ്പ് ഡസ്ക് ഒരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ. വീടുകളിലിരുന്നാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകുന്ന കുട്ടികൾക്ക് വളണ്ടിയർമാർ നിർദ്ദേശം നൽകുന്നത് . ജില്ലയിലെ 139 എൻ.എസ്.എസ് യൂണിറ്റുകളിലെ തെരഞ്ഞെടുത്ത രണ്ട് വീതം വരുന്ന 278 വളണ്ടിയർമാർക്ക് കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകിയിരുന്നു. വിദ്യാർത്ഥികൾ ലിങ്കിലൂടെയും വാട്സ് ആപ്പ് , ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയും നൽകിയ അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നിരവധി രക്ഷിതാക്കളും കുട്ടികളുമാണ് വളണ്ടിയർമാരെ വിളിക്കുന്നതെന്ന് എൻ. എസ്. എസ്. ജില്ലാ കോ - ഓർഡിനേറ്റർ എസ്. ശ്രീചിത്ത് പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ: 9745845018,
8281016887.