ചങ്ങനാശേരി: രണ്ടാൾ പൊക്കത്തിൽ കാട് വളർന്നുനിൽക്കുന്നു. ഈ കാട്ടിലൊരു കെട്ടിടമുണ്ടെന്ന് പറഞ്ഞാൽ ഒരുപക്ഷേ ആരും വിശ്വസിക്കണമെന്നില്ല. കുറിച്ചി പഞ്ചായത്തിലെ മൂന്നാം വാർഡിലെ 144 ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ദയനീയാവസ്ഥ മനസിലാക്കാൻ മറ്റെന്ത് വേണം.
കാട് മൂടി അങ്കണവാടി കെട്ടിടത്തെ തീർത്തും അവഗണിക്കുകയാണ് അധികൃതർ. വാടക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിന് മുമ്പായുണ്ടായ മഴയിലാണ് കെട്ടിടം പൂർണമായി ഇടിഞ്ഞ് താഴെ വീണത്. 201819 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ലക്ഷങ്ങളാണ് വനിതാ ശിശുക്ഷേമ ഫണ്ടിനത്തിൽ ചിലവഴിക്കാതെ പാഴാക്കിയത്. അങ്കണവാടിയിൽ പതിനഞ്ചിലധികം കുട്ടികളാണ് പഠിച്ചിരുന്നത്. മഴക്കാലത്ത് കെട്ടിടം ചോർന്നൊലിച്ചതോടെ കുട്ടികളെ രക്ഷിതാക്കൾ ഇവിടെ നിന്ന് മറ്റ് അങ്കണവാടികളിലേക്കും നഴ്‌സറികളിലേക്കും മാറ്റി ചേർത്തിരുന്നു.
പരാതി പറഞ്ഞു, പലതവണ
സ്വന്തമായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പലതവണ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. പഞ്ചായത്ത് പ്രൊജക്ടിൽ പുതിയ കെട്ടിടം നിർമ്മിച്ച് അങ്കണവാടി വാടക കെട്ടിടത്തിൽ നിന്ന് ഒഴിവാക്കി നൽകണമെന്ന് മുൻ വാർഡ് മെമ്പർ ടി.യു അനിയൻകുഞ്ഞ് ആവശ്യപ്പെട്ടു.
കാട് മിഴുങ്ങി ഈ ഓഫീസുകളെയും
പഞ്ചായത്ത് വക സാംസ്‌കാരിക നിലയവും, സാക്ഷരതാമിഷൻ ഓഫീസും, ജലനിധി ഗുണഭോക്തൃ ഏകോപന സമിതി ഓഫീസും കാട് മൂടിയ അവസ്ഥയിലാണ്. ഇതോടെ കൊതുകുകളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം.