pic

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റി കേരള കോൺഗ്രസ്-എമ്മിൽ പൊട്ടിപ്പുറപ്പെട്ട 'യുദ്ധ'ത്തിൽ പി.ജെ ജോസഫ് വിഭാഗത്തിന് തത്കാലം വിജയമുണ്ടായെങ്കിലും ജോസ് വിഭാഗത്തെ തള്ളാൻ എ.ഐ.സി.സിയുടെ അനുമതി വേണ്ടിവരും. രണ്ട് എം.പി മാരുള്ളതാണ് ഇതിന് പ്രധാന കാരണം. ചുരുക്കത്തിൽ യു.ഡ‌ി.എഫ് തീരുമാനം നീണ്ടുപോയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

യു.ഡി.എഫിലേക്കുള്ള ജോസിന്റെ വഴി അടഞ്ഞിട്ടില്ലെന്ന് ഇന്നലെതന്നെ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും പറ‌‌ഞ്ഞിരുന്നു. അതേസമയം ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്നും തള്ളിയതോടെ ജോസിന്റെ വലംകൈയായി പ്രവർത്തിച്ചിരുന്ന പലരും പാർട്ടി വിട്ട് ജോസഫിനോട് ചേർന്നു. കൂടുതൽ പേർ എത്തിച്ചേരുമെന്ന് ജോസഫ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചുകഴിഞ്ഞു. പ്രമുഖരുടെ ലിസ്റ്റും യു.ഡി.എഫ് നേതൃത്വത്തിന് കൈമാറിയതായി അറിയുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് ധാരണ പാലിച്ചാൽ യു.ഡി.എഫിൽ തുടരാൻ ജോസിന് സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ ഇപ്പോൾ പറയുന്നത്. എന്നാൽ യു.ഡി.എഫിലേക്കില്ലെന്നും തത്കാലം ഒരു മുന്നണിയിലേക്കുമില്ലെന്നുമാണ് ജോസിന്റെ പ്രതികരണം. സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത ത്രിതല പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്നലെ കോട്ടയത്ത് ചേർന്ന ജോസ് ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. 10ന് പ്രവർത്തകരുടെ യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരള കോൺഗ്രസ് -ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് ലൂക്കോസ്, ജില്ലാ സെക്രട്ടറി ജോസ്‌‌മോൻ മുണ്ടയ്ക്കൽ എന്നിവർ ജോസ് വിഭാഗം വിട്ട് ജോസഫിലേക്ക് മാറി. ഇക്കാര്യം അവർതന്നെ ജോസ് വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. ജോസിന്റെ തട്ടകമായ പാലായിൽ നിന്നും മുനിസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ നല്ലൊരു വിഭാഗം നേതാക്കൾ വരുംദിവസങ്ങളിൽ പാർട്ടിയിൽ എത്തുമെന്നാണ് ജോസഫ് വ്യക്തമാക്കുന്നത്.

അതേസമയം ജോസിനെ എൽ.ഡി.എഫിൽ എടുക്കുന്നതിനോട് എൻ.സി.പി വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. കോഴ വിവാദത്തിൽ മാണിയെ അവഹേളിച്ച സി.പി.എമ്മിനോട് യാതൊരു യോജിപ്പിനും തയാറല്ലെന്നാണ് ജോസിന്റെ ഒരു അനുയായി വ്യക്തമാക്കിയത്. സി.പി.ഐയ്ക്കും ജോസിനെ മുന്നണിയിൽ എടുക്കുന്നതിനോട് താത്പര്യമില്ലത്രേ. എന്നാൽ, നയത്തിൽ സി.പി.ഐ അയവുവരുത്തിയേക്കും. എന്നാൽ ജോസ് വിഭാഗത്തെ സ്വീകരിക്കുന്നതിനെക്കുറിച്ച് സി.പി.എമ്മിലോ എൽ.ഡി.എഫിലോ ചർച്ച നടത്തിയിട്ടില്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.