കോട്ടയം: പച്ചക്കറി വാങ്ങാൻ ചന്തയിൽ പോയ യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവാവിന്റെ പിറകെ സ്കൂട്ടറിൽ പറന്നത് രണ്ടര കിലോമീറ്റർ. മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂട്ടറിൽ നിന്നും വീണ യുവതി മോഷ്ടാവിന് പിറകെ പാഞ്ഞെങ്കിലും പിടികൂടാനായില്ല. ഇരവിമംഗലം ചെരിയംകുന്നേൽ സോജോയുടെ ഭാര്യ ജസ്പിക്കാണ് (34) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് കുറുപ്പുന്തറചില്ലിംഗ് പ്ലാന്റ് റോഡിലാണ് സംഭവം.
പച്ചക്കറി വാങ്ങി വീട്ടിലേക്ക് മടങ്ങുംവഴിയാണ് പിറകെ സ്കൂട്ടറിൽ എത്തിയ യുവാവ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. മാലയിൽ പിടിമുറുകിയെങ്കിലും യുവാവിന് മാല വിട്ടുകൊടുത്തില്ല. യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞതോടെ യുവാവ് ജീവനുംകൊണ്ട് സ്കൂട്ടറിൽ കടന്നു.കറത്ത ഷർട്ടും ഹെൽമെറ്റും മാസ്കും ധരിച്ചയാളാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു. ഇയാൾക്കായി കടുത്തുരുത്തി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.