pic

കോട്ടയം: ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന വൻ സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പൊലീസ് പാതിരാത്രിയിൽ വീട് വളഞ്ഞെങ്കിലും ആരെയും പിടികൂടാനായില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നാലു ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

പാമ്പാടി മുളേക്കുന്നിൽ വാടകയ്ക്ക് വീട് എടുത്താണ് സംഘം ബിസിനസ് കൊഴുപ്പിച്ചിരുന്നത്. രണ്ടു മാസം മുമ്പാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രാവും പകലും ഓട്ടോറിക്ഷകളും കാറുകളും വന്നുപോയതോടെ സംശയം തോന്നിയ നാട്ടുകാരാണ് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചത്.

ഇന്നലെ പാതിരാത്രിയിൽ പൊലീസ് വീട് വളഞ്ഞെങ്കിലും വീട്ടിൽ ആരും ഇല്ലായിരുന്നു. തുടർന്നാണ് വീടിനുള്ളിൽ പരിശോധന നടത്തി പാൻപരാഗ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. സംഘനേതാവിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. തമിഴ്നാട്ടിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്. അഞ്ചു രൂപയ്ക്ക് അവിടെ ലഭിക്കുന്ന പാൻപരാഗ് ഇവിടെ 30 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിയും ഇവിടെനിന്നും വിതരണം ചെയ്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.