വൈക്കം : വേമ്പനാട്ടു കായലിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ചീനവലകൾ ഫിഷറീസ് അധികൃതർ പൊലീസ് സഹായത്തോടെ പൊളിച്ചു നീക്കി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്തുള്ള 40 വലകളാണ് നീക്കിയത്. പ്രതിഷേധവുമായെത്തിയ ചീനവല ഉടമകൾ ഫിഷറീസ്, പൊലീസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ജൂലായ് മൂന്നിനകം സ്വന്തം നിലയ്ക്ക് ചീനവലകൾ അഴിച്ചുമാ​റ്റാമെന്ന് ഉറപ്പു നൽകിയതോടെ അധികൃതർ നടപടി താത്കാലികമായി നിറുത്തിവച്ചു. ചീനവല ഉടമകളുടേയും തൊഴിലാളികളുടേയും എതിർപ്പ് നിലനിന്നിരുന്നതിനാൽ സംഘർഷം കണക്കിലെടുത്ത് ആംബുലൻസ് അടക്കം വിപുലമായ സംവിധാനങ്ങളുമായാണ് അധികൃതർ എത്തിയത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ശക്തിയേറിയ ബൾബുകൾ പ്രകാശിപ്പിച്ചാണ് ചീനവലകൾ പ്രവർത്തിച്ച് മത്സ്യം പിടിച്ചിരുന്നത്. പ​റ്റു കണ്ണി വല ഉപയോഗിച്ചുള്ള ഈ മത്സ്യബന്ധനത്തിൽ വളരെ ചെറിയ മത്സ്യങ്ങൾ വരെ പിടികൂടിയിരുന്നു. കായലിനെയും മ​റ്റ് ഉൾനാടൻ ജലാശയങ്ങളെയും ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് പരമ്പരാഗത മത്സ്യതൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായത്.