കോട്ടയം: ഉയരുന്ന ഇന്ധനവിലയിൽ നാട്ടുകാരെല്ലാം നട്ടംതിരിയുമ്പോൾ ഉള്ളു തുറന്ന് ചിരിക്കുന്ന ഒരുവിഭാഗമുണ്ട് : കാളവണ്ടിക്കാർ. ലോക്ക് ഡൗൺകാലത്ത് പെട്ടുപോയ കാളവണ്ടിക്കാർക്ക് തെല്ലൊരാശ്വാസമാണ് ഇന്ധനവിലക്കയറ്റം നൽകുന്നത്. കാളയ്ക്ക് പെട്രോൾ അടിക്കേണ്ടാത്തതോ നാട് വീണ്ടും കാളവണ്ടി യുഗത്തിലേയ്ക്ക് പോകുമെന്നതോ അല്ല കാരണം, സമരത്തിന് അവിഭാജ്യഘടകമായി കാളകളും വണ്ടിയും മാറിയെന്നതാണ്!
ലോക്ക് ഡൗൺ കാലത്ത് കാളകളെ പോറ്റാൻപോലുമാവാതെ നട്ടം തിരിഞ്ഞ ഉടമകൾക്ക് ഇപ്പോൾ തിരക്കോട് തിരക്ക്. കാളവലിച്ചും കാളവണ്ടിയിൽ കയറിയും കാളപ്പുറത്ത് കയറിയുമൊക്കെ സമരം വെറൈറ്റിയാക്കാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇറങ്ങിത്തിരിച്ചപ്പോൾ നല്ലകാലം തെളിഞ്ഞത് കൂത്താട്ടുകളം സ്വദേശികളായ കുഞ്ഞഗസ്തിയേയും ജോസിനെയും പോലുള്ളവർക്കാണ്. സ്ഥലം പറഞ്ഞാൽമതി സമയത്ത് കാളയും വണ്ടിയും റെഡി. ഏത് പ്രസ്ഥാനത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് പോലും തിരക്കാറില്ല. പാടത്ത് മേഞ്ഞും മാർക്കറ്റിൽ ചുമട് കയറ്റിയും ജീവിതം പോകുന്നതിനിടെ ഒരു സമരം മുന്നിൽ നിന്ന് നയിക്കുന്നതിന്റെ ആവേശം കാളകളുടെ മുഖത്തുമുണ്ട്!
ഇവരും ഹാപ്പി
കൂത്താട്ടുംകുളംകാരായ കുഞ്ഞഗസ്തിയും ജോസഫുമാണ് പ്രധാനമായും ഇപ്പോൾ സമരക്കാർക്ക് കാളകളെ എത്തിക്കുന്നത്. എഴുപത്തിമൂന്ന് വയസുള്ള ജോസ് കാളകളുമായുള്ള ചങ്ങാത്തം തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായി. ഇപ്പോൾ വലിയ ലാഭമില്ലെങ്കിലും കാളകളെ വിൽക്കാൻ മനസില്ലെന്നാണ് ഇരുവരും പറയുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയിലും സമരത്തിന് ഇവരുടെ കാളകളെയാണ് ഉപയോഗിച്ചത്.
10000 രൂപ മുതൽ
രണ്ട് കാളയും വണ്ടിയും സമരത്തിന് എത്തണമെങ്കിൽ മിനിമം പതിനായിരം രൂപ എണ്ണിക്കൊടുക്കണം. ദൂരം കൂടുന്നതിന് അനുസരിച്ച് 25000വരെയാകും. മുൻപ് പാടങ്ങളിൽ മരയടിക്കും മറ്റും വ്യാപകമായി കാളകളെ ഉപയോഗിച്ചിരുന്നു. പിന്നീട് മാർക്കറ്റിൽ ചുമട് കയറ്റാൻ കാളവണ്ടികൾ ഉപയോഗിച്ചു. ചരക്ക് വാഹനങ്ങൾ എത്തിയപ്പോൾ കാളവണ്ടികൾ അപ്രത്യക്ഷമായെങ്കിലും ചില ചന്തകളിൽ ഇപ്പോഴുമുണ്ട്.
ഒരു കാളയ്ക്ക് ഒരു ദിവസം ചെലവ് 250
'' ലോക്ക് ഡൗൺകാലത്തുണ്ടായ നഷ്ടം ചെറുതായെങ്കിലും വീട്ടാൻ പറ്റുമെന്നേയുള്ളൂ. മുൻപ് കാളകളെ പൂട്ടിയും മരമടിക്ക് കൊണ്ടുപോയുമൊക്കെ വരുമാനമുണ്ടായിരുന്നു. ഇപ്പോൾ കാര്യമായ വരുമാനമില്ല''
കുഞ്ഞഗസ്തി