വൈക്കം : മഹാദേവക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിലെ കലുങ്ക് പൊളിച്ച് പണിയാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. നഗരത്തിലെ പ്രധാന റോഡിലാണ് കലുങ്ക് പൊളിച്ച് ഗതാഗതം ദീർഘനാളുകളായി തടസപ്പെടുത്തിയിരിക്കുന്നത്. ദളവാക്കുളം ബസ് ടെർമിനൽ ഇതോടെ നിർജീവമായി. ബസുകൾ വീണ്ടും വടക്കേ നടവഴി സർവീസ് നടത്താൻ തുടങ്ങിയതോടെ പടിഞ്ഞാറെ ഗോപുരനടയിൽ ഗതാഗതകുരുക്ക് പതിവായി. കിഴക്കേനട, വാഴമന ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടക്കേനടയിലും തെക്കേനടയിലുള്ള വീതികുറഞ്ഞ ഇടവഴികളെയാണ് ആശ്രയിക്കുന്നത്. ഈ വഴികളിലും കുരുക്കാണ്. കിഴക്കേ നടയിൽ വ്യക്തമായ സൂചനാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ തെക്കേഗോപുരം വരെയെത്തി തിരിച്ച് പോകേണ്ടി വരുന്നുമുണ്ട്.
ശനിയാഴ്ച തുറക്കും
പുതുതായി നിർമ്മിച്ച കലുങ്കിന്റെ ക്യുവറിംഗ് പീരിയഡ് പൂർത്തിയാകാത്തതിനാലാണ് ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതെന്നും ശനിയാഴ്ചയോടെ തുറക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
ജനങ്ങളുടെ യാത്രാ സൗകര്യം അനാസ്ഥയുടെ പേരിൽ നിഷേധിക്കുകയാണ്. കലുങ്ക് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം.
അഡ്വ.വി.സമ്പത്ത്കുമാർ
(നഗരസഭ മുൻ വൈസ് ചെയർമാൻ)