കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കേരളകോൺഗ്രസ് ജോസ് വിഭാഗത്തെ പുറത്താക്കിയത് യു.ഡി.എഫിൽ ആശയക്കുഴപ്പത്തിനിടയാക്കി.

71 പഞ്ചായത്തുകൾ, ആറ് നഗരസഭകൾ, പതിനൊന്ന് ബ്ലോക്ക് പഞ്ചായത്ത് എന്നിവയിൽ ഭൂരിപക്ഷത്തിലും ജോസ് -കോൺഗ്രസ് വിഭാഗങ്ങൾ യോജിച്ചുള്ള യു.ഡി.എഫ് ഭരണമാണ് . ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി ബന്ധത്തിലെ അകൽച്ച എങ്ങനെ വരും മാസങ്ങളിലെ ഭരണത്തെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

യു.ഡി.എഫായി യോജിച്ചു മത്സരിച്ചെങ്കിലും മുന്നണിയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ അംഗത്വം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ജനപ്രതിനിധികൾ രാജിവക്കേണ്ടതില്ല എന്ന മറുപടിയാണ് ജോസ് വിഭാഗം ജനറൽ സെക്രട്ടറി റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞത്. എന്നാൽ ഒന്നോ രണ്ടോ അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇത് പ്രശ്നമാകാം. പ്രതിപക്ഷം അവിശ്വാസം കൊണ്ടു വന്നാൽ സ്വീകരിക്കേണ്ട നിലപാട് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

ജില്ലാ പഞ്ചായത്തിൽ ഇനി അവിശ്വാസമില്ല !

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉയർന്ന കലഹമാണ് ജോസ് വിഭാഗം യു.ഡി.എഫിൽ നിന്ന് പുറത്തായതിന് കാരണമെങ്കിലും ഇനി അവിശ്വാസ പ്രമേയം വേണ്ടെന്ന നിലപാടിൽ ജോസഫ് വിഭാഗവുമെത്തി. രണ്ട് അംഗങ്ങൾ മാത്രമുള്ളതിനാൽ നോട്ടീസ് നൽകണമെങ്കിൽ കോൺഗ്രസ് പിന്തുണ വേണം. പിന്തുണ ലഭിച്ചാലും 22 അംഗ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം പാസാകാൻ 12 അംഗങ്ങൾ വേണം. കോൺഗ്രസും ജോസഫ് വിഭാഗവും ചേർന്ന് പത്ത് അംഗങ്ങളേ ഉള്ളൂ.പ്രതിപക്ഷ പിന്തുണയിലേ അവിശ്വാസം പാസാകൂ. അവർവിട്ടു നിൽക്കാനാണ് സാദ്ധ്യത. അങ്ങനെ വന്നാലും അവിശ്വാസം തള്ളി പോകും. ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് പ്രസിഡന്റ് സ്ഥാനത്തു തുടരാനാവും. ജോസിനെ പുറത്താക്കിയതിലൂടെ കിട്ടിയ രാഷ്ടീയ വിജയം അവിശ്വാസം പരാജയപ്പെട്ടാൽ നഷ്ടപ്പെടുമെന്നതിനാൽ ഞാണിന്മേൽ കളി വേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ജോസ് വിഭാഗത്തെ തിരിച്ചു യു.ഡി.എഫ് കൊണ്ടു വരാനുള്ല ആലോചന നടക്കുന്നതിനാൽ അവിശ്വാസത്തിൽ ഒപ്പിടാൻ കോൺഗ്രസും തയ്യാറാകില്ല. ഫലത്തിൽ ജോസിനും ജോസഫിനും ന്യൂട്രൽ കളിക്ക് അവസരമൊരുങ്ങി കിട്ടി.

പഞ്ചായത്തുകൾ

യു.ഡി.എഫ് 44

എൽ.ഡി.എഫ് 27

നഗരസഭകൾ

യു.ഡി.എഫ് 5

എൽ.ഡി.എഫ് 1

ബ്ളോക്ക്

യു.ഡി.എഫ് 9

എൽ.ഡി.എഫ് 2

യു.ഡി.എഫായി യോജിച്ചു മത്സരിച്ചെങ്കിലും മുന്നണിയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ജനപ്രതിനിധികൾ അംഗത്വം രാജിവക്കേണ്ടതില്ല.

റോഷി അഗസ്റ്റിൻ എം.എൽ.എ

(ജോസ് വിഭാഗം ജനറൽ സെക്രട്ടറി)