ചങ്ങനാശേരി : നഗരസഭ സ്റ്റേഡിയം പവലിയനിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ മാറ്റി പൂർണമായും കായിക ആവശ്യങ്ങൾക്കായി വിട്ടുനല്കുമെന്ന് നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് പറഞ്ഞു. ചെയർമാൻ അധികാരമേറ്റശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിലാണ് തീരുമാനം. മാവേലി സ്റ്റോറിൽ നിന്നാണ് നഗരസഭയ്ക്ക് വാടക ലഭിക്കുന്നത്. ചുരുങ്ങിയ വാടകയിലും വാടക നല്കാതെയും രേഖകൾ ഇല്ലാതെയും മറ്റ് മുറികൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. നിലവിൽ പവലിയൻ കായികതാരങ്ങൾക്ക് അന്യമായ അവസ്ഥയിലാണന്ന് ചെയർമാൻ പറഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ പൊതുജനങ്ങൾക്ക് സൗകര്യപ്രദമായുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. യോഗത്തിൽ പൊതുമരാമത്ത് ജോലികൾ ഏറ്റെടുത്ത കരാറുകാർ യഥാസമയം ജോലികൾ ചെയ്യാതെ വാർഡുകൾക്ക് അനുവദിച്ച തുക നഷ്ടപ്പെടുത്തുന്നതായി കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. തെരുവ് വിളക്കുകൾ കത്താത്തതും പലരും ഉന്നയിച്ചു. ചിത്രകുളം നവീകരണം, പടുതാക്കുളം നിർമ്മാണം, ബൈപ്പാസ് റോഡ് നവീകരണം തുടങ്ങിയവയ്ക്കും അനുമതിയായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. നഗരസഭയിലെ ശുചീകരണ -ആരോഗ്യ വിഭാഗ വിഷയങ്ങൾ എല്ലാ ദിവസവും ചെയർമാനുമായി ചർച്ച നടത്താൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്
മാവേലി സ്റ്റോർ
കൃഷിഭവൻ
മണ്ണ് ഗവേഷണ കേന്ദ്രം
ഐ.സി.ഡി.എസ് ഓഫീസ്