കോട്ടയം: നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് സമീപമുണ്ടായിരുന്ന വസ്ത്രങ്ങളും ചെരുപ്പും മൊബൈൽ ഫോണും വൈക്കം കുടവത്തൂർ വെളുത്തേടത്തു ചിറയിൽ ജിഷ്ണുവിന്റേതല്ലെന്ന് മാതാപിതാക്കൾ. ഇരുവരെയും പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
അസ്ഥികൂടത്തിനൊപ്പം ലഭിച്ച ഫോണിലെ സിംകാർഡ് ജിഷ്ണുവിന്റേതാണ്. ഇതേ തുടർന്നാണ് അസ്ഥികൂടവും ജിഷ്ണുവിന്റേതാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്. അസ്ഥികൂടം ഡി.എൻ.എ ടെസ്റ്റിനായി നൽകിയിരിക്കയാണ്. ഇന്നലെ രാവിലെ ചിങ്ങവനം സ്റ്റേഷനിലെത്തിയ അമ്മ ശോഭനയും അച്ഛൻ ഹരിദാസും പാന്റ്സും ചെരുപ്പും ഫോണും പരിശോധിച്ചു. ഇവ ജിഷ്ണുവിന്റേതല്ലെന്ന് ശോഭന ഉറപ്പിച്ചു പറയുന്നു. ഫോണിൽ വേളാങ്കണ്ണിമാതാവിന്റെ ചിത്രമുണ്ട്. ജിഷ്ണുവിന്റെ ഫോണിൽ ഇത്തരമൊരു ചിത്രമില്ലെന്നും ഇരുവരും പറഞ്ഞു.