കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ ബാലനീതി സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കിയ ലോഗിൻ ടു സർഗലയം പദ്ധതിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരത്തിന് തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിനെ തിരഞ്ഞെടുത്തു.
കുമ്മണ്ണൂർ സെന്റ് ജോസഫ് ചിൽഡ്രൻസ് ഹോം രണ്ടാം സ്ഥാനവും മാങ്ങാനം കേരള ബാലഗ്രാം മൂന്നാം സ്ഥാനവും നേടി. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ താമസിച്ചിരുന്ന 37 ബാലനീതി സ്ഥാപനങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച 19 കേന്ദ്രങ്ങളുടെ പ്രവർത്തനം പരിഗണിച്ചാണ് ജില്ലാ വനിതാശിശു വികസന ഓഫീസർ പി.എൻ. ശ്രീദേവിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി പുരസ്‌കാര നിർണയം നടത്തിയത്.