കറുകച്ചാൽ : കങ്ങഴ വേദഗിരിയിലെ ഗോഡൗണിൽ നിന്ന് 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ജില്ലാ പൊലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കറുകച്ചാൽ സി.ഐ കെ.എൽ. സജിമോന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് റെയ്ഡ് നടത്തിയത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില പൂട്ടിയിട്ട നിലയിലായിരുന്നു. മുകളിലത്തെ നിലയിൽ താമസക്കാരുണ്ടായിരുന്നു. ഇവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പൂട്ട് പൊളിച്ച് പൊലീസ് കെട്ടിടത്തിനുള്ളിൽ കടന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ നിറച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. 75,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, 41,000 പായ്ക്കറ്റ് സിഗരറ്റ് പായ്ക്കറ്റുകൾ, 24,000 പായ്ക്കറ്റ് ബീഡി എന്നിവ കണ്ടെടുത്തു. സിഗരറ്റുകളും ബീഡികളും വ്യാജമായി നിർമിച്ചതായിരുന്നു. പാലാ സ്വദേശി ജിജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത് വാടകയ്ക്ക് നല്കിയതെന്നാണ് ഉടമ പറയുന്നത്. എസ്.ഐ എൻ.എം സാബു, പൊലീസ് ഉദ്യോഗസ്ഥരായ കെ.വി സഞ്ചോ, പി.ഇ ആന്റണി, ആർ. വിനിത്, ബിജുലാൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.