death

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ വൃദ്ധനെ ആശുപത്രിയിലാക്കാൻ ആംബുലൻസ് എത്തിയില്ല. ഒരു മണിക്കൂറിന് ശേഷം ആംബുലൻസ് എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചു. പൊലീസും യാത്രക്കാരും ആംബുലൻസുകാരെ മാറിമാറി വിളിച്ചിട്ടും കൊവിഡിന്റെ പേരിൽ വരാൻ തയ്യാറായില്ല.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് എഴുപത് വയസ് തോന്നിക്കുന്ന വൃദ്ധൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തിയേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞു വീണത്. മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് താഴെ വീഴുകയായിരുന്നു. യാത്രക്കാർ പറഞ്ഞതനുസരിച്ച് കൺട്രോൾ റൂമിൽ നിന്ന് പൊലീസെത്തിയെങ്കിലും ഒറ്റ ആംബുലൻസും വന്നില്ല.

ഫയർഫോഴ്സിനെ വിവരം അറിയിച്ചപ്പോഴും കൊവിഡിന്റെ പേര് പറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം അഭയ ഗ്രൂപ്പിന്റെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മരിച്ചത് വൈക്കം സ്വദേശി തങ്കപ്പൻ ആണെന്നാണ് നഗരത്തിലെ കച്ചവടക്കാർ പറയുന്നത്.