jishnu

കോട്ടയം: ഡി.എൻ.എ ഫലത്തിൽ കണ്ണുംനട്ട് പൊലീസ്. വസ്ത്രങ്ങളും ചെരിപ്പും മകന്റേതല്ലെന്ന് മാതാപിതാക്കൾ പറഞ്ഞതോടെ പൊലീസ് ഓട്ടം പിടിച്ചു. നാട്ടകം മറിയപ്പള്ളിയിലെ ഇന്ത്യാ പ്രസ് അങ്കണത്തിലെ പുളിമരച്ചുവട്ടിൽ കണ്ടെത്തിയ അസ്ഥികൂടത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ വിവാദം പുകയുന്നത്. ഡി.എൻ.എ ടെസ്റ്റിനായി മാതാപിതാക്കളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിസൾട്ട് വന്നാൽ മാത്രമേ അസ്ഥികൂടം ജിഷ്ണുവിന്റെതാണോയെന്ന് വ്യക്തമാവൂ. റിസൾട്ട് ലഭിക്കുംവരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. ഫോറൻസിക് സയൻസ് ലാബറട്ടറിയിലേക്ക് അയച്ചിരിക്കുന്ന രക്തസാമ്പിളുകളുടെ ഫലം ലഭിക്കാൻ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം.

വൈക്കം കുടവെച്ചൂർ താമിക്കല്ല് വെളുത്തേടത്ത്ചിറയിൽ ജിഷ്ണു ഹരിദാസിന്റെതാണ് (23) അസ്ഥികൂടമെന്ന് പൊലീസ് ഏകദേശം ഉറപ്പിച്ച് തുടർനടപടികളുമായി മുന്നോട്ട് പോകവേയാണ് മാതാപിതാക്കൾ എതിർവാദവുമായി മുന്നോട്ട് എത്തിയത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന പാന്റ്സും മരക്കൊമ്പിൽ കെട്ടിയിരുന്ന ഷർട്ടും ഷൂസും ജിഷ്ണുവിന്റേതല്ലായെന്നാണ് മാതാവ് ശോഭന ഇന്നലെ വ്യക്തമാക്കിയത്.

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള വസ്ത്രങ്ങളും മറ്റും തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇന്നലെ ജിഷ്ണുവിന്റെ പിതാവ് ഹരിദാസും മാതാവ് ശോഭനയും എത്തിയത്. അസ്ഥികൂടം കിടന്നിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോണും ജിഷ്ണുവിന്റെതല്ലെന്നാണ് ഹരിദാസ് പറയുന്നത്. എന്നാൽ സിം കാർഡ് ജിഷ്ണുവിന്റേതാണെന്ന് നേരത്തെതന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തും ഇവർ പൊലീസിനൊപ്പം പോയിരുന്നു.

ആത്മഹത്യ എന്ന നിലയിലാണ് കേസ് മുന്നോട്ടു പോവുന്നത്. എന്നാൽ, കൊലപാതകമാവാം എന്ന സംശയവും ഉയരുന്നുണ്ട്. ജിഷ്ണുവിന് ശത്രുക്കൾ ആരുമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അസ്ഥികൂടം കണ്ടെത്തിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ലിറ്റററി മ്യൂസിയ നിർമ്മാണത്തിനായി അങ്കണത്തിലെ കാടുതെളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

ശരീരത്തിൽ നിന്നും മാംസം വേർപെട്ട നിലയിലായിരുന്നു. തല ശരീരത്തിൽ നിന്നും വേർപെട്ടിരുന്നു. കഴിഞ്ഞ മൂന്നാം തീയതിയാണ് ജിഷ്ണുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ വൈക്കം സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. അന്നേദിവസം ബാർ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ജിഷ്ണു കോട്ടയത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറിപ്പോവുന്നത് കണ്ടവരുണ്ട്. അതേസമയം ജിഷ്ണുവിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണമാല നഷ്ടമായിട്ടുണ്ട്. കഴുത്തിൽ മാലയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതിനെ തുടർന്ന് മൃതദേഹം കിടന്ന പ്രദേശത്ത് ചിങ്ങവനം സി.ഐ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.