ഇത്തിത്താനം ചാലച്ചിറ ജംഗ്ഷനിലെ ഉണങ്ങിയ പ്ലാവ് വെട്ടിമാറ്റണമെന്നാവശ്യം
ചങ്ങനാശേരി: കാറ്റൊന്ന് വീശിയാൽ ഭീതിയാണ്. പലരും ഓടിമാറും. തലയ്ക്ക് മുകളിൽ അപകടം തലയുയർത്തി നിൽക്കുകയാണ്. ഏത് നിമിഷവും അപകടം സംഭവിക്കാം. ഇത്തിത്താനം ചാലച്ചിറ ജംഗ്ഷനിലെ ഉണങ്ങിയ പ്ലാവാണ് പ്രദേശവാസികളിലും വഴിയാത്രക്കാരിലും ഭീതി ഉയർത്തുന്നത്.
ഇത്തിത്താനം, മലകുന്നം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഈ മരത്തിന്റെ ചുവട്ടിലാണ്. ചാലച്ചിറയിലെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻഡും മരത്തിന് സമീപമാണ്. ജനങ്ങൾക്ക് ഭീഷണിയായ ഉണങ്ങിയമരം വെട്ടിമാറ്റണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും പരിസരവാസികളും നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരം മുറിച്ചു മാറ്റണമെങ്കിൽ ജില്ലാ വനംവകുപ്പിന്റെ അനുമതിവേണമെന്നാണ് പഞ്ചായത്ത് അധികാരികളുടെ മറുപടി. അതേസമയം ജീവനുഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ഗ്രാമപഞ്ചായത്തിൽ നിന്നുതന്നെ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നിട്ടും ചാലച്ചിറയിലെ ഉണങ്ങിയമരത്തിന്റെ കാര്യത്തിൽ മുടന്തൻ ന്യായങ്ങളാണ് അധികൃതർ നിരത്തുന്നതെന്നാണ് ഓട്ടോതൊഴിലാളികളുടെ ആരോപണം.
തീരാത്ത ഭീഷണി
ചാലച്ചിറ പാലത്തിന് താഴെയായി തോടിന്റെ സംരക്ഷണമതിലിനുള്ളിൽ നിന്നും വളർന്നുപന്തലിച്ചു നിൽക്കുന്ന മരം ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയാണ്. 11 കെ.വി. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ താങ്ങിയാണ് ഈ മരം ഇപ്പോൾ നിൽക്കുന്നത്. മരം മറിഞ്ഞുവീണാൽ പാലത്തിന്റെ കൈവരിയും തോടിന്റെ സംരക്ഷണഭിത്തിയും വൈദ്യുതി ലൈനുകളും ഉൾപ്പെടെ തകർന്നുവീഴും. അതേസമയം വിഷയത്തിൽ അടിയന്തിരനടപടി വേണമെന്ന് ഇത്തിത്താനം വികസനസമിതി ഭാരവാഹികളായ പ്രസന്നൻ ഇത്തിത്താനം, ബിജു എസ്. മേനോൻ, ബാബു മണത്തുരുത്തിൽ എന്നിവർ ആവശ്യപ്പെട്ടു.