കോട്ടയം : നഗരമദ്ധ്യത്തിൽ നടുറോഡിൽ ഒരാൾ കുഴഞ്ഞു വീണാൽ എന്ത് സംഭവിക്കും. കോട്ടയം നഗരത്തിലാണെങ്കിൽ തിരിഞ്ഞു നോക്കാൻ ആളില്ലാതെ രോഗി മരിക്കും. കഴിഞ്ഞ ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടന്ന ദാരുണ സംഭവം ചൂണ്ടിക്കാട്ടുന്നത് ഇതാണ്. നഗരത്തിലെ ലോട്ടറി കച്ചവടക്കാരനായ വയോധികൻ കുഴഞ്ഞ് വീണ് കിടന്നത് ഒരു മണിക്കൂറിലേറെയാണ്. പൊലീസും, അഗ്നിശമന സേനയും, 108 ആംബുലൻസും ഉണ്ടായിട്ടും ഒരാൾ പോലും ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഒടുവിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞു. നടുറോഡിൽ കിടന്നയാൾക്ക് പ്രാഥമിക ചികിത്സ പോലും നൽകാതിരുന്നതിന് കാരണമായി അധികൃതർ പറയുന്നത് കൊവിഡ് ഭീതിയാണ്.
കുഴഞ്ഞുവീണത് : വൈകിട്ട് 4.30 ന്
ആശുപത്രിയിലെത്തിച്ചത് : 5.30 ന്
അന്വേഷണം നടത്തും
നഗരത്തിൽ കുഴഞ്ഞു വീണയാൾ മരിച്ച സംഭവത്തിൽ വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. പൊലീസിന് സ്വന്തമായി ആംബുലൻസ് സൗകര്യം നിലവിലില്ല.
ജി.ജയദേവ്, ജില്ലാ പൊലീസ് മേധാവി
15 മിനിറ്റിൽ ആംബുലൻസ് എത്തി
15 മിനിറ്റ് മാത്രമാണ് ഇയാൾ റോഡിൽ കിടന്നത്. ഇത്തരത്തിൽ റോഡിൽ വീണു കിടക്കുന്നവരെ പൊലീസ് വാഹനത്തിൽ കയറ്റരുതെന്ന നിർദ്ദേശമുണ്ട്. ഇതാണ് കൺട്രോൾ റൂം വാഹനത്തിൽ കയറ്റാത്തത്.
ടി.ശ്രീജിത്ത്, വെസ്റ്റ് എസ്.ഐ
ആംബുലൻസ് വർക്ക്‌ഷോപ്പിൽ
അഗ്നിശമനസേനയുടെ ആംബുലൻസ് ഒരു മാസത്തോളമായി വർക്ക്‌ഷോപ്പിലാണ്. വയോധികൻ കുഴഞ്ഞു വീണത് പൊലീസ് അറിയിച്ചിരുന്നു. ആംബുലൻസ് ഇല്ലെന്നറിയിച്ച ശേഷം 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്ന് ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ പറഞ്ഞു.
കുഴഞ്ഞുവീണാൽ എന്ത് ചെയ്യണം
കൊവിഡ് ഭീതിയുള്ള കാലത്തും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ ഇടപെടേണ്ടത് ആവശ്യമാണ്. കൺമുന്നിൽ ഒരാൾ കുഴഞ്ഞു വീണാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്ഷാപ്രവർത്തനം നടത്താമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൈയിൽ ഗ്ലൗസ് ധരിച്ച് രോഗിയെ പിടിച്ചെഴുന്നേൽപ്പിക്കാം. ഗ്ലൗസ് ലഭിച്ചില്ലെങ്കിൽ വീണയാളെ രക്ഷപ്പെടുത്തിയ ശേഷം എത്രയും വേഗം കൈകൾ അണുവിമുക്തമാക്കണം. അകടത്തിൽപ്പെടുന്നയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നത് രോഗം പടരുന്നതിനുള്ള സാദ്ധ്യത കുറയ്‌ക്കും.