കോട്ടയം: സ്വകാര്യമേഖലയിലുള്ള ആയുർവേദ ആശുപത്രികളുടെ സംഘടനയായ ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ (ആയുർഷീൽഡ് ) കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇമ്മ്യൂണിറ്റി ആശുപത്രികൾ ആരംഭിക്കുന്നു . കർക്കടക ചികിത്സയുടെ ഭാഗമായി രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ചികിത്സാക്രമങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് എട്ട് ദിവസത്തെ കിടത്തിചികിത്സയും, 82 ദിവസത്തെ ഔഷധ സേവയും ഉൾപ്പെടുന്ന 90 ദിവസത്തെ പാക്കേജാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചികിത്സയ്ക്ക് മുൻപും ശേഷവും ആരോഗ്യനിലയിൽ വന്നമാറ്റങ്ങൾ അറിയാനുള്ള രക്തപരിശോധനകളും പാക്കേജിന്റെ ഭാഗമാണ്. 5 ഘട്ടങ്ങളിലായി 18500 രൂപയാണ് 90 ദിവസത്തെ ഏകീകൃത പാക്കേജിന് ചെലവെന്ന് ജില്ലാ പ്രസിഡന്റ് ഡോ.വിജിത്, സെക്രട്ടറി ഡോ.ബിനു സി നായർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.