കോട്ടയം : കേരള കോൺഗ്രസ് (ജോസ് ) പാർട്ടിയുടെ ശക്തി ഇടതുമുന്നണിയും നേതാക്കളും തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. മദ്ധ്യകേരളത്തിൽ പാർട്ടിക്കുള്ള ശക്തി ഇടതുമുന്നണി നേതാക്കൾക്ക് അറിയാം. ഞങ്ങളെ യു.ഡി.എഫ് പുറത്താക്കിയത് വലിയ അനീതിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ മുന്നണിയിൽ നിന്ന് പുറത്താക്കും മുൻപ് നോട്ടീസോ അവിശ്വാസ പ്രമേയമോ നൽകണമായിരുന്നു. കേരളകോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണ്. മുന്നണിയായിട്ട് മത്സരിച്ചില്ലെങ്കിലും ശക്തി തെളിയിക്കാനാകും. ആരുമായും ചർച്ചകളോ ആലോചനകളോ നടത്തിയിട്ടില്ല. പ്രവർത്തകരുമായി ആലോചിച്ച് ഉചിതതീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതം ചെയ്ത് കാപ്പൻ

ജോസ് കെ. മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പൻ പറഞ്ഞു. ഇടതുമുന്നണിയിൽ വന്നാലും പാലാ സീറ്റ് നൽകില്ല. ഇക്കാര്യത്തിൽ എൽ.ഡി.എഫ് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.