ഒരു കുടുംബത്തിലെ നാലുപേർക്ക് കൊവിഡ്

കോട്ടയം : ജില്ലയിൽ വീണ്ടും കൊവിഡ് ഭീതി പടർത്തി മറിയപ്പള്ളിയിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുൾപ്പെടെ ജില്ലയിൽ 9 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഷാർജയിൽ വച്ച് രോഗം സ്ഥിരീകരിച്ച് നെഗറ്റീവായ ശേഷം നാട്ടിലെത്തിയ പായിപ്പാട് സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പള്ളിക്കത്തോട്ടിൽ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. എല്ലാവരും ഹോം ക്വാറന്റൈനിലായിരുന്നു. നിലവിൽ 115 പേരാണ് ചികിത്സയിലുള്ളത്. 42 പേർ പാലാ ജനറൽ ആശുപത്രിയിലും, 36 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, 32 പേർ കോട്ടയം ജനറൽ ആശുപത്രിയിലും , 3 പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും , 2 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്. ഇതുവരെ 232 പേർക്ക് രോഗം ബാധിച്ചു. 117 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവർ

കൊൽക്കത്തയിൽ നിന്ന് ജൂൺ 22 ന് എത്തിയ കൂരോപ്പട സ്വദേശിനി (60)

ഒമാനിൽനിന്ന് ജൂൺ 23 ന് എത്തിയ വാഴൂർ സ്വദേശിനി (31)

ഷാർജയിൽ നിന്ന് ജൂൺ 19ന് എത്തിയ പായിപ്പാട് സ്വദേശിനി (27)

മുംബയിൽ ജൂൺ 26 ന് എത്തിയ മറിയപ്പള്ളി സ്വദേശി (48)

മറിയപ്പള്ളി സ്വദേശിയുടെ ഭാര്യ (36), മൂത്ത മകൻ(12),ഇളയ മകൻ (7)

സൗദിയിൽനിന്ന് ജൂൺ 20 ന് എത്തിയ മണർകാട് സ്വദേശി (63)

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചിറക്കടവ് സ്വദേശിനി